കോലഞ്ചേരി: പെരിയാർ വാലി കനാൽ ശുചീകരണം പുരോഗമിക്കുന്നു. കുന്നത്തുനാട്ടിലേയ്ക്ക് ജനുവരി ആദ്യ വാരം ഭൂതത്താൻ കെട്ടിൽ നിന്ന് കനാൽ വെള്ളമെത്തും. വേനൽ ചൂട് കടുത്തതോടെ കുളങ്ങളും, കിണറുകളും വറ്റി, കാർഷിക മേഖലയ്ക്കും തിരിച്ചടിയായി. കുടിവെള്ള പ്രശ്നങ്ങളും തുടങ്ങി.കനാലിൽ വെള്ളമെത്താതെ വന്നതോടെ നാട്ടുകാർ ദുരിതത്തിലായി. ഒരു വർഷത്തോളമായി നീരൊഴുക്ക് നിലച്ചതോടെ കനാലിൽ മാലിന്യ കൂമ്പാരമാണ്. വളയൻ ചിറങ്ങര ടാങ്ക് സിറ്റി മുതലുള്ള ഭാഗത്താണ് ശുചീകരണ പ്രവർത്തനങ്ങൾ യന്ത്ര സഹായത്തോടെ തുടങ്ങിയത്. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികൾക്കും കനാൽ ശുചീകരണത്തിന് നിർദ്ദേശം നല്കിയിട്ടുണ്ട്. അതാത് വാർഡിൽ പെട്ടവർ അവരുടെ മേഖലയിൽ ശുചീകരണം പൂർത്തിയാക്കും. കാടു നിറഞ്ഞ കനാൽ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിച്ചാൽ സമയ ബന്ധിതമായി തീരാത്തതു കൊണ്ടാണ് ജെ.സി.ബി ഉപയോഗിച്ച് ചെളിയും ചപ്പും കോരി മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നത്. കനാലിൽ തള്ളുന്ന മാലിന്യ ചാക്കുകൾ ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്.
കനാൽ മാലിന്യത്തൊട്ടി
കുപ്പികളും,പ്ളാസ്റ്റിക്കും വലിച്ചെറിയുന്നതു മൂലം കനാലിൽ കുപ്പിച്ചില്ലുകൾ നിറഞ്ഞു. വീട്ടിലെ മാലിന്യങ്ങൾ തള്ളുന്ന മാലിന്യ
ത്തൊട്ടിയായും കനാൽ മാറി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കനാൽ ശുചിയാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രധാന പ്രശ്നമിതാണ്.
കഴിഞ്ഞ പ്രളയം പെരിയാർ വാലി കനാലുകളെ കാര്യമായി ബാധിച്ചിരുന്നു. നിരവധി സ്ഥലങ്ങളിൽ കനാൽ തകരുകയും ചെയ്തു. അത്തരം അറ്റകുറ്റ പണികൾ പൂർത്തിയായി വരികയാണ് അതിനിടയിലാണ് വേനലിന്റെ കാഠിന്യം വർദ്ധിച്ചത്. ഇതോടെ കിണറുകളടക്കം വറ്റി. ഇനിയും വെള്ളമെത്താൻ വൈകിയാൽ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും താളം തെറ്റും.
കിഴക്കമ്പലം, കുന്നത്തുനാട്,ഐക്കരനാട് തിരുവാണിയൂർ പഞ്ചായത്തുകളിലെ നിരവധി നെല്ല്, പച്ചക്കറി കൃഷികളും ഉണങ്ങി.
കനാലിനെ ആശ്രയിച്ച്
പള്ളിക്കര, പീച്ചിങ്ങച്ചിറ, കുറ്റ, പൂതൃക്കയിൽ -2 കുടി വെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. ജനുവരി ആദ്യവാരം കനാൽ വെള്ളമെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി.
വി.പി സജീന്ദ്രൻ, എം.എൽ.എ
കനാലിൽ മാലിന്യ കൂമ്പാരം
കിണറുകൾ വറ്റി,
കൃഷി ഉണങ്ങി