കൊച്ചി : എറണാകുളം നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളെ സംബന്ധിച്ച് ഇപ്പോഴാണ് സത്യം പുറത്തു വരുന്നതെന്ന് ഹൈക്കോടതിയുടെ വിമർശനം. നഗര റോഡുകളുടെ സ്ഥിതി വിലയിരുത്തി മൂന്ന് അമിക്കസ് ക്യൂറിമാർ നൽകിയ റിപ്പോർട്ട് പരിഗണിച്ചശേഷമാണ് സിംഗിൾബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്. പൊതു മരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31 നകവും നഗരസഭയുടെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ജനുവരി 31 നകവും പൂർത്തിയാക്കാൻ നടപടികൾ തുടരുകയാണെന്ന് ഇരു വിഭാഗവും അറിയിച്ചു. ജനുവരി 15 ന് പുരോഗതി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളും പാലാരിവട്ടത്ത് കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്കു മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തെത്തുടർന്ന് ചലച്ചിത്ര സംവിധായകൻ പോളി വടക്കൻ നൽകിയ ഹർജിയുമാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. റോഡുകളുടെ അമിക്കസ് ക്യൂറിമാർ പരിശോധിച്ച് കളക്ടർ ഉൾപ്പെടെ അധികൃതരുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കലൂർ - കതൃക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയെന്ന് ജി.സി.ഡി.എ അറിയിച്ചു. കൊച്ചിയിലെ 85 റോഡുകളിലടക്കം നിശ്ചിത സമയത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പും അറിയിച്ചു.

 ആളെക്കൊല്ലി കുഴികളെന്ന് അമിക്കസ് ക്യൂറി

നഗരത്തിലെ റോഡുകളിലും ഫുട്പാത്തിലുമുള്ള കുഴികൾ ആളെക്കൊല്ലികളാണെന്ന് അമി​ക്കസ് ക്യൂറി റി​പ്പോർട്ടി​ൽ പറഞ്ഞു. നഗരത്തിലെ വിവിധ റോഡുകളുടെ ദയനീയ സ്ഥിതി വ്യക്തമാക്കുന്ന 50 ലേറെ ചിത്രങ്ങൾ ഇവർ ഹാജരാക്കി.

അമി​ക്കസ് ക്യൂറി റി​പ്പോർട്ട് ഇങ്ങനെ:

സ്കൂളുകളോടു ചേർന്നുള്ള റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞതാണ്.

ഇരുചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും അപകടങ്ങളിലേക്ക് തള്ളി വിടുന്ന കുഴികളാണ് നഗരത്തിൽ

പല ഫുട്പാത്തുകളും റോഡുകളും വഴിയോരക്കച്ചവടക്കാർ കൈയടക്കി

. വാഴക്കാലയിൽ വൈകുന്നേരമായാൽ റോഡിലാണ് കച്ചവടം.

പുല്ലേപ്പടി - കതൃക്കടവ് റോഡ് മോശം സ്ഥിതിയിലാണ്. നടപ്പാതകൾ നിരപ്പുള്ളവയല്ല.

പലയിടത്തും കെട്ടിട നിർമ്മാണത്തിനുള്ള സാധനങ്ങൾ റോഡരുകിൽ ഇറക്കിയിട്ടിരിക്കുന്നത് അപകട സാദ്ധ്യതഉയർത്തുന്നു.

ദേശീയപാതയുടെ സർവീസ് റോഡുകളിൽ അനധികൃത പാർക്കിംഗ് വർദ്ധിച്ചു.

നഗരത്തിലെ പല റോഡുകളുടെയും അറ്റകുറ്റപ്പണികൾക്ക് നിലവാരമില്ലെന്ന ആശങ്ക നാട്ടുകാർക്കുണ്ട് .

തി​രക്കി​ട്ട അറ്റകുറ്റപ്പണി​കൾ വെറും മുഖം മി​നുക്കലാണോയെന്ന് സംശയമുണ്ട്