ആലുവ: പാറപ്പുറം വല്ലംകടവ് പാലം നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനം. നിർമ്മാണം നീണ്ടതിനെ തുടർന്നാണ് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗത്തിന്റെയും കരാറുകാരുടെയും സംയുക്തയോഗം അൻവർ സാദത്ത് എം.എൽ.എ വിളിച്ചുചേർത്തത്. ആറ് സ്പാൻ നീളമുള്ള പാലത്തിന്റെ 18 ഗർഡറുകളിൽ രണ്ടെണ്ണത്തിന്റെ പണി പൂർത്തിയായി. ബാക്കി 16 ഗർഡറുകളുടെ പണി പൂർത്തിയാക്കി 6 സ്പാനുകളിൽ സ്ലാബുകൾ ഇട്ടാലേ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥരും കരാറുകാരും വിശദീകരിച്ചു.
നിർമ്മാണം അനിശ്ചിതമായി നീളുന്നതിലുള്ള അത്യപ്തി എം.എൽ.എ അറിയിച്ചു. 23 മുതൽ നിർമ്മാണം പൂർണതോതിൽ ആരംഭിക്കുമെന്നും സെപ്റ്റംബർ ഒന്നിന് പൂർത്തീകരിക്കുമെന്നും ഉദ്യോഗസ്ഥരും കോൺട്രാക്ടറും ഉറപ്പു നൽകി. പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്‌സി. എൻജിനിയർ ഇന്ദു, അസി.എക്‌സി എൻജിനിയർ പീയൂസ്, എ.ഇ ഷൈനി. ഇൻകൽ ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്‌സൽ, സൈറ്റ് ഇൻചാർജ് റയ്‌ജോ.എം.ജെ എന്നിവർ പങ്കെടുത്തു.