കൊച്ചി : പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും സഹോദരന് ജോലിയും നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജില്ലാ കളക്ടർ തിങ്കളാഴ്ച റിപ്പോർട്ട് നൽകും. ഇതിന്റെയടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അഭിഭാഷകൻ ഇന്നലെ ഹൈക്കോടതിയിൽ വ്യക്തമാക്കി. ചലച്ചിത്ര സംവിധായകനായ പോളി വടക്കൻ യദുലാലിന്റെ മരണത്തെത്തുടർന്ന് നൽകിയ ഹർജിയിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്. റോഡിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുന്നറിയപ്പ് നൽകുന്നതിൽ വീഴ്ച വരുത്തിയതിന് നാല് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഡിസംബർ 12 നാണ് കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകൻ യദുലാൽ (23) മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപത്ത് മൂടാത്ത കുഴിയുടെ മുന്നിൽ വച്ചിരുന്ന ബോർഡിൽ തട്ടി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യദുലാൽ പിന്നാലെ വന്ന ടാങ്കർ ലോറി കയറിയാണ് മരിച്ചത്. വാട്ടർ അതോറിറ്റി കുഴി മൂടാതെയിട്ടതാണ് ദുരന്ത കാരണമെന്നും ഗതാഗതയോഗ്യമായ റോഡ് പൗരന്റെ അവകാശമാണെന്നും ഹർജിയിൽ വാദിച്ചിരുന്നു.