കൊച്ചി : കായലിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻ നോട്ടീസ് നൽകുകയോ തെളിവെടുപ്പു നടത്തുകയോ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. മറൈൻ ഡ്രൈവിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻവയോൺമെന്റൽ മോണിട്ടറിംഗ് ഫോറം അംഗമായ രഞ്ജിത്ത്. ജി. തമ്പി നൽകിയ കോടതിയലക്ഷ്യയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

മറൈൻ ഡ്രൈവിന്റെ നവീകരണ പ്രവർത്തനങ്ങൾ ജനുവരി ഏഴിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നേരത്തെ ഹൈക്കോടതി നൽകിയ നിർദ്ദേശമനുസരിച്ച് കൊച്ചി നഗരസഭാ സെക്രട്ടറി ആർ. എസ്. അനുമോളും ജി.സി.ഡി.എയുടെ സെക്രട്ടറി ഇൻ ചാർജ്ജ് ജിനുമോൾ വർഗീസും ഇന്നലെ ഡിവിഷൻ ബെഞ്ചിൽ ഹാജരായിരുന്നു.

മറൈൻഡ്രൈവിലെ വഴിയോരക്കച്ചവടക്കാരെ മുഴുവൻ ഒഴിപ്പിച്ചെന്നും ചേർന്നുള്ള ഫ്ളാറ്റുകളിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകളുണ്ടോയെന്ന് പരിശോധിച്ചെന്നും മാലിന്യം തള്ളുന്നവർക്ക് നോട്ടീസ് നൽകിയെന്നും കൊച്ചി കോർപ്പറേഷൻ അറിയിച്ചു. ഈ ഘട്ടത്തിലാണ് നോട്ടീസ് നൽകി തെളിവെടുപ്പു നടത്തേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞത്.

മറൈൻഡ്രൈവിന്റെ നാശാവസ്ഥ വ്യക്തമാക്കിയുള്ള ഹർജിയിൽ അരഡസനിലേറെ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് നൽകിയിരുന്നു. ഇതൊന്നും നഗരസഭയും ജി.സി.ഡി.എയും നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ കോടതിയുത്തരവുകൾ നഗരസഭയുടെയും ജി.സി.ഡി.എയുടെയും ഉദ്യോഗസ്ഥർ കാണുന്നില്ലേയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. കോടതിയുത്തരവുകൾ നടപ്പാക്കുന്നതിൽ അനാസ്ഥയുണ്ടെന്ന് അമിക്കസ് ക്യൂറിയും റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദ്ദേശം.