കൊച്ചി: മുൻ മന്ത്രിയും എൻ.സി.പി സംസ്ഥാന പ്രസിഡന്റും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു.. ഇന്നലെ ഉച്ചക്ക് 2.45ന് എറണാകുളം ചിലവന്നൂരിലെ വീട്ടിലായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം 24ന് കുട്ടനാട് ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുട്ടനാട് ചേന്നങ്കരി വെട്ടിക്കാട് കളത്തിപ്പറമ്പിൽ വി.സി.തോമസിന്റെയുേം ഏലിയാമ്മയുടെയും മകനായ തോമസ് ചാണ്ടി വിദ്യാർഥി -യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്ലോമ നേടിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായിരിക്കെ ,കെ.കരുണാകരനൊപ്പം ഡി.ഐ.സിയിലെത്തി. ഡി.ഐ.സി നേരിട്ട 2006 ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് ജയിച്ച് പാർട്ടിയുടെ എക എം.എൽ.എയായി. ഡി.ഐ.സി എൻ.സി.പിയിൽ ലയിച്ചപ്പോൾ സംസ്ഥാന ഭാരവാഹിയായി. 2011, 2016 തിരഞ്ഞെടുപ്പുകളിൽ കുട്ടനാട്ടിൽ നിന്ന് വീണ്ടും നിയമസഭയിലെത്തി.
2017 ഒക്‌ടോബറിൽ പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായെങ്കിലും ആരോപണങ്ങളെ തുടർന്ന് ഏഴരമാസത്തിന് ശേഷം മന്ത്രി സ്ഥാനമൊഴിഞ്ഞു. നിലവിൽ എൻ.സി.പി ദേശീയ പ്രവർത്തക സമിതി അംഗമാണ്.
ഹോട്ടൽ, വിദ്യാഭ്യാസ മേഖലകളിലെ അറിയപ്പെടുന്ന പ്രവാസി വ്യവസായിയാണ്. കുവൈറ്റിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, ഇന്ത്യൻ പബ്ലിക് സ്‌കൂൾ, ഇന്ത്യൻ സെൻട്രൽ സ്‌കൂൾ, റിയാദിൽ അൽ - അലിയ ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുടെ സ്ഥാപകനും ചെയർമാനുമാണ്. ആലപ്പുഴയിൽ റിസോർട്ട്, ഹൗസ് ബോട്ട് വ്യവസായവും നടത്തിയിരുന്നു.ദാവിദ്പുത്ര ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ച് ചെയർമാൻ എന്ന നിലയിൽ നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തി. ദീർഘകാലം നെഹ്രു ട്രോഫി വള്ളംകളിയുടെ പ്രധാന സംഘാടകനായിരുന്നു.
അർബുദരോഗത്തിന് അമേരിക്കയിലായിരുന്നു ചികിത്സ.ഏതാനും ദിവസം മുമ്പാണ് മടങ്ങി വന്നത്. രോഗം മൂർഛിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം വീട്ടിലെത്തിയിരുന്നു. ഭാര്യ: ചേന്നങ്കരി വടക്കേകളം കുടുംബാംഗം മേഴ്‌സി. മക്കൾ: ഡോ. ബെറ്റി (യൂണിവേഴ്‌സിറ്റി ഒഫ് പെൻസിൽവാനിയ, അമേരിക്ക), ഡോ. ടോബി ചാണ്ടി ( ലേക്‌ഷോർ ആശുപത്രി, കൊച്ചി), ടെസി ചാണ്ടി (കുവൈറ്റ്). മരുമക്കൾ: ലെനി മാത്യു (അമേരിക്ക), ജോയൽ ജേക്കബ് (എൻജിനിയർ, കുവൈറ്റ്), ഡോ. അൻസു സൂസൻ സണ്ണി.