arav-kammath
ആരവ്

കൊച്ചി : പള്ളുരുത്തി - പെരുമ്പടപ്പ് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുമ്പോൾ നാടും നാട്ടുകാരും നന്ദി പറയേണ്ടത് മൂന്നാം ക്ളാസുകാരൻ ആരവിനോടാണ്. വീടിനു മുന്നിലെ റോഡിലുള്ള വലിയ കുഴി ചൂണ്ടിക്കാട്ടി ആരവ് എഴുതിയ കത്താണ് ഹൈക്കോടതിയുടെ ഇടപെടൽ സാദ്ധ്യമാക്കിയത്. പുതിയ തലമുറയും പ്രതികരണവുമായി മുന്നോട്ടു വരുന്നതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് എത്രയും വേഗം ഇൗ റോഡ് നന്നാക്കാൻ ഉത്തരവിട്ടത്. പെരുമ്പടപ്പ് സെന്റ് ജൂലിയാനാസ് പബ്ളിക് സ്കൂളിലെ മൂന്നാം ക്ളാസുകാരനായ ആരവ്. എം. കമ്മത്ത് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ഹർജിയുടെ ഭാഗമായി രേഖയാക്കാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.

 ആരവിന്റെ കത്തിങ്ങനെ

ബഹുമാനപ്പെട്ട ജഡ്ജി സാർ അറിയുന്നതിന്....

പള്ളുരുത്തി - പെരുമ്പടപ്പ് റോഡിലാണ് എന്റെ വീട്. സ്കൂളിലേക്കുള്ള റോഡ് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. വീട്ടുകാരും നാട്ടുകാരും ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കിയില്ല.... വീടിനു മുന്നിൽ ഒരു വലിയ കുഴിയുണ്ടായിട്ട് മാസങ്ങളായി. ഓരോ തവണ റോഡ് നന്നാക്കാൻ ആവശ്യപ്പെടുമ്പോഴും കുഴികളിൽ കല്ലുകളും മെറ്റൽപൊടിയും ഇട്ടു നിറച്ചിട്ട് പോകും. ഇപ്പോൾ കുഴി വലുതായി. പൊടിശല്യം രൂക്ഷമായി. രാത്രിയിൽ ഈ കുഴിയിൽ വീഴുന്ന ബൈക്കുകാരുടെ എണ്ണം കൂടി വരുന്നു. ഞങ്ങൾ സ്കൂളിൽ പോകുന്ന ഓട്ടോറിക്ഷ ഓരോ തവണ കുഴിയിൽ വീഴുമ്പോഴും എനിക്കും കൂടെയുള്ള ചേട്ടന്മാർക്കും ചേച്ചിമാർക്കും പേടിയാണ്. പൊടി ശല്യം കാരണം വീടിനടുത്തുള്ള നഴ്സറിയിലെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും ബുദ്ധിമുട്ടാണ്...

എനിക്കും കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും പൊടിശല്യം ഉണ്ടാകാതിരിക്കാനും ഞങ്ങൾക്ക് പേടി കൂടാതെ സ്കൂളിൽ പോകാനും ബൈക്ക് യാത്രക്കാർക്ക് അപകടം കൂടാതെ ജോലിക്കു പോയി തിരിച്ചു വീട്ടിൽ എത്തിച്ചേരാനും ജഡ്ജി അങ്കിൾ ഇടപെട്ട്, പള്ളുരുത്തി - പെരുമ്പടപ്പ് റോഡ് നല്ല രീതിയിൽ നന്നാക്കിത്തരാൻ അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,

ആരവ്. എം. കമ്മത്ത്.

 ഹൈക്കോടതി പറഞ്ഞു

കുട്ടികൾ പറയുന്നത് കേൾക്കാതിരിക്കാനാവില്ല. കത്തിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി - പെരുമ്പടപ്പ് റോഡിന്റെ പണികൾ ഉടൻ പൂർത്തിയാക്കണം.