കൊച്ചി : ബാർ കൗൺസിലിന്റെ അഭിഭാഷക ക്ഷേമനിധിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി അഡ്വ. സി.ജി. അരുൺ ഹൈക്കോടതിയിൽ ഹർജി നൽകി. ക്ഷേമനിധി സ്റ്റാമ്പ് വില്പനയിൽ ക്രമക്കേടുകാട്ടിയും വ്യാജസ്റ്റാമ്പുകൾ അച്ചടിച്ച് വിതരണം ചെയ്തും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയെത്തുടർന്ന് 2018 മേയ് 11ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഒന്നര വർഷത്തിലേറെക്കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അഭിഭാഷക ക്ഷേമനിധി ട്രസ്റ്റ് ഒാഫീസിലെ അക്കൗണ്ടന്റ് ചന്ദ്രനെ മാത്രമാണ് ഇതുവരെ അറസ്റ്റുചെയ്തത്. ഇയാളിൽ മാത്രമായി അന്വേഷണം ഒതുങ്ങിപ്പോയെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.