മൂവാറ്റുപുഴ: സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് വിവരം അറിഞ്ഞ എഴുത്തുകാരി നളിനി ബേക്കൽ ആദ്യം ഓർത്തത് രാമുകാര്യാട്ടിനെയാണ്. 'തുരുത്ത്' നോവൽ എനിക്കു തരണമെന്ന കാര്യാട്ടിന്റെ കത്തിലെ വരികൾ നളിനിയുടെ ഓർമ്മയിൽ എപ്പോഴും തിളങ്ങി നിൽക്കുന്നു.
ചെമ്മീനുശേഷം കർണാടകത്തിൽ മലങ്കാറ്റെന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് തന്നെ വല്ലാതെ ആകർഷിച്ച രാമുകാര്യാട്ടിന്റെ തുരുത്തിനെകുറിച്ചുളള കത്ത് എഴുത്തിൽ തുടക്കക്കാരിയായ തനിക്ക് ലഭിച്ചതെന്ന് നളിനി പറഞ്ഞു. തുരുത്തിന്റെ പാട്ടുകൾ റെക്കോഡു ചെയ്താണ് ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.
ഏറെക്കാലത്തിന് ശേഷം കൗമാരകാലത്തെ ഓർമ്മകളെ മിനുക്കിയെടുക്കുന്ന പുതിയൊരു പുസ്തകത്തിന്റെ രചനയിലാണ് നളിനി.
കാസർകോട് ബേക്കലിൽ നിന്നും പായിപ്ര രാധാകൃഷ്ണന്റെ സഹധർമ്മണിയായി പായിപ്ര ഗ്രാമത്തിലേക്കെത്തിയെങ്കിലും എഴുതാനിരിക്കുമ്പോൾ ബേക്കലിലെ കരിപ്പോടിക്കാരിയാകും ഈ വീട്ടമ്മ.
നളിനിയുടെ ആദ്യ നോവൽ ഹംസഗാനമാണ്. തുരുത്ത്, കൃഷ്ണ, അമ്മദെെവങ്ങൾ, കണ്വതീർത്ഥം, ശിലാവനങ്ങൾ, ദേവവധു തുടങ്ങിയ നോവലുകളും, ഒറ്റക്കാലം, അമ്മയെ കണ്ടവരുണ്ടോ, എന്നീ കഥാസമാഹാരങ്ങളും, കുഞ്ഞിത്തെയ്യം ബാലസാഹിത്യകൃതിയും നളിനി ബേക്കലിന്റെ കൃതികളിൽ പെടുന്നു. ഇടശേരി അവാർഡ്, സ്റ്റേറ്റ് ബാങ്ക് നോവൽ അവാർഡ് , കേന്ദ്ര സാംസ്ക്കാരിക വകുപ്പ് ഫെല്ലോഷിപ്പ് എന്നിവയും നളിനിക്ക് ലഭിച്ചിട്ടുണ്ട്. .
പായിപ്രയിലെ അകത്തൂട്ട് വീട്ടിലെ അമ്മയായ ബേക്കലിന്റെ മകൾ അനുജയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. രണ്ട് മക്കൾ : ഡോ. അനുരാധ ( ഗവ.മെഡിക്കൽ ഓഫീസർ), ഡോ. അനുജ അകത്തൂട്ട് ( കേന്ദ്രകാർഷിക ഗവേഷണകേന്ദ്രം സയന്റിസ്റ്റ് ).