പറവൂർ : രാജ്യത്ത് നിലവിലെ സാഹചര്യം ജനാധിപത്യം ജനാധിപത്യത്തിനെതിരെ പോരാടുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നതെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലങ്ങാട് മേഖലാ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങൾക്കും രാജ്യത്ത് സമാധാനമായി ജീവിയ്ക്കാൻ കഴിയണം. ജനങ്ങൾക്കുള്ള ഭരണഘടനാ അവകാശങ്ങളെ ചോദ്യം ചെയ്യാൻ ഭരണാധികാരികൾ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമിതി ചെയർമാൻ വി.എ. മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, എ.എം. അബ്ദുസലാം, അൽ ഹാഫിസ് അബു ഷമ്മാസ് മൗലവി, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു, പി.എ. സെയ്ത് , ടി.എം. അബ്ദുൽ ജബ്ബാർ, അബ്ദുൽ കരിം, പി.കെ. നസീർ, കെ.കെ. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിയിൽ ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ പതിമൂന്ന് മഹല്ലുകളിലെയും ആയിരങ്ങൾ പങ്കെടുത്തു. യു.സി കോളേജ് പരിസരത്തു നിന്നാരംഭിച്ച റാലി സമ്മേളന വേദിയായ കോട്ടപ്പുറത്ത് സമാപിച്ചു.