മൂവാറ്റുപുഴ: വൈവിദ്ധ്യമാർന്ന പരിപാടികളോടെ മൂന്ന് ദിവസമായി മൂവാറ്റുപുഴയിൽ നടന്ന ജില്ലാ ക്ഷീര സംഗമം ക്ഷീര കർഷകരുടെ ശക്തിവിളിച്ചോതി. ക്ഷീര വികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, മിൽമ, കേരള ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ കല്ലൂർക്കാടും, മൂവാറ്റുപുഴ ടൗൺ ഹാളിലുമായിട്ടാണ് സംഗമം നടന്നത്. ജില്ലയിലെ 315 ക്ഷീരസംഘങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 3000 ക്ഷീര കർഷകരാണ് പങ്കെടുത്തത്. ഇന്നലെ രാവിലെ നടന്ന ക്ഷീര വികസന സെമിനാർ എൽദോസ് കുന്നപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം.എം.അബ്ദുൾ കബീർ സ്വാഗതം പറഞ്ഞു. ക്ഷീര വികസന വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ എൻ.മുരളീധരൻ പിളള,ചെറായി വെറ്ററിനറി സർജൻ ഡോ.എം.എസ്.അഷ്‌കർ, എൻ.ജയചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. മിനി രവീന്ദ്രദാസ് മോഡറേറ്ററായിരുന്നു.പൊതുസമ്മേളനവും, കല്ലൂർക്കാട് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും വി.പി.സജീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ജോൺ തെരുവത്ത് സ്വാഗതം പറഞ്ഞു.