march

 പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കി

കൊച്ചി: പുതുവൈപ്പിൽ ഐ.ഒ.സിയുടെ എൽ.എൻ.ജി ടെർമിനൽ നിർമ്മാണത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് ജനകീയ സമരസമിതി മാർച്ച് നടത്തി. മൈക്കിലൂടെയുള്ള മുന്നറിയിപ്പ് ലംഘിച്ചതോടെ നൂറുക്കണക്കിനാളുകളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പിന്നീട് വിട്ടയച്ചു.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മാർച്ച് തുടങ്ങിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് സ്വകാര്യ എ.സി ബസുകളിലാണ് കളമശേരി എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്.

മാർച്ചിന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, സമരിസമിതി ചെയർമാൻ എം.ബി. ജയഘോഷ്, കൺവീനർ മുരളി, പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സിജോയ് കുരിശുമൂട്ടിൽ, റെൻസിറ്റ, പഞ്ചായത്തംഗങ്ങളായ സി.ജി. ബിജു, ശ്രീദേവി രാജു തുടങ്ങിയവർ നേതൃത്വം നൽകി. സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.
രണ്ടരവർഷം മുമ്പ് സമരത്തെ തുടർന്ന് നിറുത്തിവച്ച ടെർമിനൽ നിർമ്മാണം ദിവസങ്ങൾക്ക് മുമ്പാണ് പുനരാരംഭിച്ചത്.