മൂവാറ്റുപുഴ:പോയാലി മല ടൂറിസം പദ്ധതി പാതിവഴിയിൽ നിലച്ചു. ഇത്ര പ്രാധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും അവികസിത മേഖലയായ പോയാലി മല ടൂറിസ്റ്റ് കേന്ദ്രമായില്ല.മലമുകളിലെത്തുന്നതിന് സൗകര്യങ്ങൾ പരിമിതം. .പലരും സാഹസികമായി കല്ലുകളിൽ നിന്നും പാറകളിലേക്ക് ചാടി കടന്നാണ് മലമുകളിൽ എത്തിപ്പെടുന്നത്. മൂവാററുപുഴ നഗരത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ 2, 3,വാർഡുകളിലൂടെ കടന്നുപോകുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളുമുണ്ട്. . സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും, മൊട്ട കുന്നുകളും കൊണ്ട് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയുടെ മുകളിലുളള കിണറും, കാൽപ്പാദങ്ങളുടെ പാടുകളും പുറമെനിന്ന് എത്തുന്നവർ അത്ഭുതത്തോടെയാണ് കാണുന്നത്. നേരത്തെ മലയിലേക്കെത്താൻ നിരവധി വഴികളുണ്ടായിരുന്നു. ഇതെല്ലാം പലരും കൈയേറി . മലയുടെ താഴ്ഭാഗം മുഴുവൻ സ്വകാര്യ വ്യക്തികളുടെ കൈവശവുമായി.
രണ്ട് വർഷം മുമ്പ് പോയാലി മല ടൂറിസം വകുപ്പ് ഏറ്റെടുക്കാൻ നീക്കം നടത്തിയിരുന്നു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ മല സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പായിപ്ര ഗ്രാമപഞ്ചായത്ത് പോയാലി ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും, രണ്ട് തവണ ബഡ്ജറ്റിൽ പോയാലി ടൂറിസം പദ്ധതിയ്ക്കായി പണം വകയിരുത്തുകയും ചെയ്തു. എന്നാൽ പണം അനുവദിച്ചുവെന്ന പ്രഖ്യാപനമല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തയ്യാറായില്ല.
ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന്റെ ജനപ്രതിനിധികളും, വിദഗ്ദ്ധരുമടങ്ങുന്ന സംഘം ഇന്ന് രാവിലെഎട്ടിന് പോയാലി മല സന്ദർശിക്കും.
മലയിൽ എളുപ്പത്തിൽ എത്താവുന്നവിധത്തിൽ റോഡ് ഉണ്ടാക്കുക,
റോപ്പ് വേ സ്ഥാപിക്കുക,
വ്യൂ പോയിന്റുകളിൽ കാഴ്ച സൗകര്യങ്ങൾ ഒരുക്കുക,
വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുക,
മലമുകളിലെ അത്ഭുത കിണറും, കാൽപാദവും, വെളളച്ചാട്ടവും, കൽചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമ്മിക്കുക