ആലുവ: താലൂക്ക് വികസനസമിതി യോഗം പ്രഹസനമാക്കുന്നതിനെതിരെ രാഷ്ടീയപാർട്ടി പ്രതിനിധികളുടെ പ്രതിഷേധം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിട്ടുനിൽക്കുന്നതിലും ആദ്യ ശനിയാഴ്ച നടക്കേണ്ട യോഗം തുടർച്ചയായി മാറ്റിവയ്ക്കുന്നതിലുമാണ് പ്രതിഷേധം.

മാസത്തിൽ ആദ്യ ശനിയാഴ്ച എല്ലാ താലൂക്കുകളിലും വികസന സമിതിയോഗം വേണമെന്ന് കാബിനറ്റ് തീരുമാനമാണ്. യോഗം മാറ്റിവയ്ക്കാൻ ജില്ലാ കളക്ടർക്ക് പോലും അവകാശമില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ മാറ്റാൻ പാടുള്ളൂ. ഇതിന് വിരുദ്ധമായി യോഗം വയ്ക്കുന്നത് എൺപതോളം അംഗങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഇന്നലെ താലൂക്ക് ഹാളിൽ നടന്ന യോഗത്തിൽ 23 പേർ മാത്രമാണ് പങ്കെടുത്തത്.

കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. ലോനപ്പൻ മാത്രമാണ് യോഗത്തിൽ പങ്കെടുത്ത ഏക ജനപ്രതിനിധി. അദ്ദേഹം അധ്യക്ഷനാവുകയും ചെയ്തു. മിനി സിവിൽ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പോലും പങ്കെടുത്തില്ല. വികസന സമിതിയോഗം മാറ്റി വയ്ക്കാൻ നിർദ്ദേശിക്കരുതെന്ന് ജില്ലാ കളക്ടറോട് അഭ്യർത്ഥിക്കാനും യോഗം തീരുമാനിച്ചു. താലൂക്കിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്നും യോഗം നിർദ്ദേശിച്ചു.