കൊച്ചി: സ്ഥാനം ഒഴിയണമെന്ന നിർദേശം അംഗീകരിക്കാത്ത വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫിന് ഡി.സി.സി പ്രസിഡൻറ് കൂടിയായ ടി.ജെ. വിനോദ് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും രാജിവയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഗ്രേസി ജോസഫ് പറഞ്ഞു.

രാജി അജണ്ടയിലില്ല

നഗരാസൂത്രണ സ്ഥിരംസമിതി ഒഴിവിലേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയത് ഭരണസമിതിയിലെ തമ്മിൽപോര് നിമിത്തമാണ്. ഇന്നത്തെ സാഹചര്യത്തിൽ താൻ രാജിവച്ചാൽ വികസനസമിതി യു.ഡി.എഫിന് നഷ്‌ടമാകുന്ന അവസ്ഥയുണ്ടാകും. ഡി.സി.സി നിർദ്ദേശപ്രകാരം ആദ്യം രാജിക്ക് താൻ സന്നദ്ധയായിരുന്നു. എന്നാൽ കോർപ്പറേഷൻ ഭരണം തന്നെ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നതിലുള്ള ആശങ്കയാണ് തീരുമാനം പുനഃപരിശോധിക്കാൻ കാരണമെന്നും അവർ പറഞ്ഞു.തത്കാലം രാജി അജണ്ടയിലില്ലെന്ന് ഗ്രേസി ജോസഫ് ആവർത്തിച്ചു.

# കർശന നടപടിയെന്ന്

നേതൃത്വം

20 ന് രാജി വയ്ക്കാമെന്ന് ഡി.സി.സി പ്രസിഡന്റിന് ഉറപ്പു നൽകിയ ഗ്രേസി ആ തീരുമാനം ലംഘിച്ചിരിക്കുകയാണെന്ന് നേതൃത്വം പറയുന്നു . 48 മണിക്കൂറിനുള്ളിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് നൽകി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ അച്ചടക്ക ലംഘനത്തിനെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്നലെ നൽകിയ കത്തിൽ ഡി.സി.സി നേതൃത്വം ചൂണ്ടിക്കാണിച്ചു. വേണ്ടിവന്നാൽ ഗ്രേസിയെ അവിശ്വാസത്തിലൂടെ പുറത്താക്കുമെന്നും ഒരു മുതിർന്ന നേതാവ് സൂചിപ്പിച്ചു.

# പാളിപ്പാേയ തന്ത്രങ്ങൾ

രണ്ടര വർഷത്തിന് ശേഷം മേയർ ഉൾപ്പെടെയുള്ളവർ മാറി പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന് ഈ ഭരണസമിതി അധികാരത്തിലേറിയ ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തുവെങ്കിലും പല കാരണങ്ങളാൽ അതു നടന്നില്ല. കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ നേതൃമാറ്റം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ രാജി വച്ചാൽ താനും ഒഴിയാമെന്ന് മേയർ സമ്മതിച്ചു.

മേയർ മാറ്റത്തിനുള്ള ആദ്യ പടിയെന്ന നിലയിൽ സ്ഥരംസമിതി അദ്ധ്യക്ഷൻമാരെ രാജി വയ്പ്പിക്കാൻ നേതൃത്വം തീരുമാനിച്ചു. സൗമിനി ജെയിൻ മാറിയാൽ പകരം മേയർ സ്‌ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഷൈനി ഡി.സി.സി ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം തന്നെ രാജി നൽകി. പിന്നാലെ നികുതികാര്യ അദ്ധ്യക്ഷൻ കെ.വി.പി.കൃഷ്ണകുമാർ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എ.ബി.സാബു, എന്നിവർ രാജി വച്ചിട്ടും ഗ്രേസി ജോസഫ് തുടർന്നു. വികസനപദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി സാവകാശം വേണമെന്ന അഭ്യർത്ഥന മാനിച്ച് അവർക്ക് 20 വരെ നേതൃത്വം സമയം നീട്ടിനൽകി. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും രാജി വയ്ക്കാതെ വന്നതോടെയാണ് നേതൃത്വം വീണ്ടും ഇടപെടുന്നത്.