തൃക്കാക്കര: റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ (ആർബിഡിസി) ഒഴിഞ്ഞു കിടക്കുന്ന ഭൂമി മാലിന്യ കേന്ദ്രമായി
ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും കാരണം പരിസരവാസികൾ ബുദ്ധിമുട്ടുന്നു. കാക്കനാട് കളക്ടറേറ്റ് സിഗ്നൽ ജംഗ്ഷനോടു ചേർന്നു മീഡിയ അക്കാഡമിയുടെ കിഴക്കു ഭാഗത്തു കിടക്കുന്ന 50 സെന്റോളം ഭൂമിയാണ് പരിസരവാസികൾക്ക് ശല്യമാകുന്നത്. രണ്ടു വർഷം മുമ്പ് കോടികൾ ചെലവഴിച്ചു ആർബിഡിസിക്ക് ആസ്ഥാന മന്ദിരവും ബഹുനില ഷോപ്പിംഗ് മാളും നിർമിക്കുവാൻ പദ്ധതിയുണ്ടായിരുന്നു. ഇതു നടപ്പായാൽ ഭാവിയിൽ റോഡ് വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി തൃക്കാക്കര നഗരസഭയും പൊതുതാത്പര്യ സംരക്ഷണ സമിതിയും പ്രതിഷേധ സമരങ്ങൾ നടത്തി
തുടർന്ന് ആർബിഡി ഈ പദ്ധതി ഉപേക്ഷിച്ചു. എന്തു വില കൊടുത്തും കോടികൾ വില മതിക്കുന്ന സ്ഥലത്തു ആസ്ഥാന മന്ദിരം നിർമിക്കുമെന്നു പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പായില്ല. പ്രതിമാസം 60,000 രൂപ വാടക നൽകിയാണ് പാലാരിവട്ടത്ത് ഓഫിസ് പ്രവർത്തിക്കുന്നത്.ഇതിനു പരിഹാരമായാണ് കാക്കനാട്ട് ഓഫിസ് നിർമിക്കാൻ ഉദ്ദേശിച്ചത്. ഈ പദ്ധതി നടപ്പിലാക്കാതിരിക്കാൻ ചില തത്പര കക്ഷികളുടെ ശ്രമങ്ങൾക്ക് നഗരസഭ കൂട്ടു നിൽക്കുകയാണെന്നും മന്ത്രി ആരോപിച്ചിരുന്നു.