കൊച്ചി: ജി.എസ്.ടി റിട്ടേൺ ജനുവരി 10നകം ഫയൽ ചെയ്ത് പിഴയിൽ നിന്ന് ഒഴിവാകണമെന്ന് സെൻട്രൽ ടാക്‌സ് ആൻഡ് സെൻട്രൽ എക്‌സൈസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ വിവിധ ടാക്‌സുകളെ സംബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 ജൂലൈ മുതൽ 2019 നവംബർ വരെ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഈ അവസരം പാഴാക്കരുത്. അവസാന തിയതിക്കു ശേഷം ഫയൽ ചെയ്താൽ ദിവസം 200 രൂപ എന്ന കണക്കിൽ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർവീസ് ടാക്‌സിൽ അപ്പീൽ ഫയൽ ചെയ്തവരും നോട്ടീസ് കിട്ടിയവരും ഡിസംബർ 31നു മുമ്പ് ടാക്‌സിന്റെ 30 ശതമാനം അടച്ച് പിഴ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ചെയർമാൻ പി.ആർ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് വാര്യർ പ്രസംഗിച്ചു.
ജി.എസ്.ടി ഇൻപുട് ടാക്‌സ് ക്രെഡിറ്റിനെക്കുറിച്ച് വി.ശങ്കരനാരായണനും ന്യൂ കോഡ് ഒഫ് എത്തിക്‌സിനെക്കുറിച്ച് ജി.രംഗരാജനും കോടതിയിൽ തീർപ്പായ കേസുകളും അതിന്റെ നിയമവശങ്ങളെക്കുറിച്ചു അഡ്വ. രഘുറാമനും ക്ലാസുകൾ നയിച്ചു.