കൊച്ചി: മെട്രോ വൺ കാർഡ് ഇനി വിദ്യാർതഥികൾക്കും. ആക്‌സിസ് ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന വൺകാർഡ് നേരത്തെ 18വയസിന് മുകളിലുള്ളവർക്കാണ് നൽകി​യി​രുന്നത്.

ഇനി മുതൽ 10 വയസ് മുതൽ ലഭ്യമാകും.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഏറെ നാളായ ആവശ്യമായി​രുന്നു ഇതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിഡ് ഡയറക്ടർ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.

കളമശേരി, കുസാറ്റ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഇന്നുമുതൽ വിദ്യാർത്ഥികൾക്ക് വൺകാർഡുകൾ സ്വന്തമാക്കാം. വരുംദിവസങ്ങളിൽ മറ്റ് സ്റ്റേഷനുകളിലേക്ക് കൂടി സേവനം വ്യാപിപ്പി​ക്കും. രക്ഷിതാവിന്റെ പേരും കാർഡിൽ രേഖപ്പെടുത്തും. സ്‌കൂളുകളിൽ നേരിട്ടെത്തി കാർഡുകൾ വിതരണം ചെയ്യുന്നകാര്യവും ആലോചനയിലുണ്ട്.

പൊതുഗതാഗത രംഗത്തിന്റെ പ്രാധാന്യത്തെകുറിച്ച് സ്‌കൂളുകളിലും കോളജുകളിലും ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എം.ആർ.എൽ അറിയിച്ചു. നിലവിൽ കൊച്ചിയിൽ 70,000 വൺകാർഡ് ഉപഭോക്താക്കളുണ്ട്.