 വർക്ക് സൈറ്റുകളിൽ കർശന നിരീക്ഷണമെന്ന് കെ.എം.ആർ.എൽ എം.ഡി

കൊച്ചി: മെട്രോ നിർമ്മാണത്തിനായി എത്തിച്ച 40 ടൺ ഇരുമ്പ് കമ്പി മോഷ്‌ടിച്ച സംഭവത്തിൽ എടയാറിലെ സ്ക്രാപ്പ് വ്യാപാരി ഷംസുദ്ദീനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കമാനി എൻജിനിയറിംഗ് കമ്പനിയുടെ ഇരുമ്പനത്തുള്ള സ്‌റ്റോക്കിംഗ് യാർഡിൽ നിന്നാണ് 20 ലക്ഷം രൂപയുടെ കമ്പി മോഷണം പോയത്. ഇവ ഷംസുദ്ദീന്റെ എടയാറിലുള്ള പറമ്പിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ 'കേരളകൗമുദി'യോട് പറഞ്ഞു. വർക്ക് സൈറ്റുകളിൽ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നിരീക്ഷണം ഉറപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്‌ടർ അൽകേഷ് കുമാർ ശർമ്മ വ്യക്തമാക്കി.കമ്പി മോഷണത്തിൽ വിശദമായി അന്വേഷണം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വൻ തട്ടിപ്പുണ്ടെന്നാണ് ആരോപണം.

സംഭവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശി ശരണബാസപ്പ (23), കൊല്ലം സ്വദേശി ഷൈൻ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്‌ണു (29) എന്നിവരെ ഹിൽപാലസ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മുഖ്യപ്രതികളായ ആലുവ സ്വദേശി യാസർ, സുഹൃത്ത് മുഹമ്മദ് ഫറുഖ് എന്നിവർ ഒളിവിലാണ്. ഷംസുദ്ദീനെ ഇതുവരെ പ്രതിയാക്കിയിട്ടില്ല.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള ജോലികൾ ഏറ്റെടുത്ത കമാനി എൻജിനീയറിംഗ് കമ്പികളാണ് കഴിഞ്ഞ 18 ന് മോഷ്‌ടിച്ചത്.കമ്പനിയുടെ സ്‌റ്റോർ അസിസ്‌റ്റന്റായിരുന്നു ശരണബാസപ്പ. മറ്റുള്ളവർ കമ്പനിയിലെ ജീവനക്കാരും. കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന ആലുവ സ്വദേശിയായ യാസർ, സുഹൃത്ത് മുഹമ്മദ് ഫറുഖ് എന്നിവർ ചേർന്ന് ജോലിക്കാരുടെ സഹായത്താൽ സ്റ്റോക്ക് യാർഡിൽ നിന്നും വർക്ക് സൈറ്റുകളിലേക്ക് കൊണ്ട് പോകാനെന്ന വ്യാജേന ലോറിയിൽ കമ്പി കയറ്റി കൊണ്ടു പോകുകയായിരുന്നു.കമ്പനി നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് ആലുവ ഇടയാറിലെ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് മോഷണമുതൽ കണ്ടെടുത്തത്.