പിറവം: ഡി.വൈ.എഫ്.ഐക്കാരുടെ അക്രമത്തിൽ മുനിസിപ്പൽ കൗൺസിലറും എ.ഐ.വൈ.എഫ് നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ മുകേഷ് തങ്കപ്പൻ (33), എ.ഐ.വൈ.എഫ് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹി ബിബിൻ ജോർജ് (28) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഹരിതകർമ്മസേനയുടെ അടിയന്തര യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെ രാവിലെ പത്തരയോടെ മുനിസിപ്പൽ ഓഫീസിൽ എത്തിയ കൗൺസിലറെ കാത്തുനിന്ന എട്ടംഗസംഘം കോമ്പൗണ്ടിൽ വച്ച് ബൈക്കിൽ നിന്ന് വലിച്ചിറക്കി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മുകേഷിന്റെ തലക്കും കാലുകൾക്കും നട്ടെല്ലിനും ബിബിൻ ജോർജിന് ചെവിക്കും മുഖത്തിനുമാണ് ഗുരുതരപരിക്ക്. ഇരുവരെയും കമ്പിവടിക്കാണ് അടിച്ചത്. പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റുചെയ്തിട്ടില്ല.
കഴിഞ്ഞദിവസം സി.പി.എം നേതാവ് കെ.പി. സലിമും സി.പി.ഐ നേതാവും നഗരസഭാംഗവുമായ ബെന്നിവർഗീസും തമ്മിൽ പിറവത്ത് പാഴൂരിൽ വെച്ച് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ അക്രമമെന്ന് കരുതുന്നു.
അക്രമത്തിൽ പ്രതിഷേധിച്ച് വൈകിട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ പിറവം ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംഭവത്തിൽ സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി സി.എൻ. സദാമണിയും എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെകട്ടറി എൻ. അരുണും പ്രതിഷേധിച്ചു.