udayan
ഉദയൻ

നെടുമ്പാശേരി: മലേഷ്യയിൽ തൊഴിൽ വാഗ്ദാനം ചെയ്ത രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശേരി പൊലീസ് പിടികൂടി. പറവൂർ സ്വദേശി തൃക്കാക്കരയിൽ വാടയ്ക്ക് താമസിക്കുന്ന കടുവാപറമ്പിൽ ഉദയനെയാണ് (54) സർക്കിൾ ഇൻസ്‌പെക്ടർ പി.എം. ബൈജു അറസ്റ്റുചെയ്തത്. പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.

വയനാട് സ്വദേശികളായ രണ്ടുപേരിൽ നിന്നായി മലേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 2015 ലാണ് പണം തട്ടിയെടുത്തത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിൽ പലരുമായും ചങ്ങാത്തം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. താമസം മാറ്റുന്നതിനൊപ്പം മൊബൈൽഫോൺ നമ്പറും മാറ്റും. അത്താണി, കാക്കനാട്, ബംഗളൂരു എന്നിവിടങ്ങളിൽ മാറിമാറി താമസിച്ച
ഇയാൾ തൃക്കാക്കരയിൽ താമസിക്കുമ്പോഴാണ് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പിടികൂടിയത്. ഇയാളുടെ മകനും മറ്റൊരാളും വിസ തട്ടിപ്പിൽ പങ്കാളികളാണെന്നും ഇവർക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സി.ഐ. പി.എം. ബൈജു അറിയിച്ചു.