കോലഞ്ചേരി : കോലഞ്ചേരിയിലെ ഫ്ളാറ്റിൽ നിന്നും വാടകക്കാർ അയൽ വാസിയുടെ പറമ്പിലേയ്ക്ക് മാലിന്യം തള്ളി. ഫ്ളാറ്റ് ഉടമയ്ക്കെതിരെ ആരോഗ്യ വിഭാഗത്തിന്റെ എട്ടിന്റെ പണി. പല തവണ വിലക്കിയിട്ടും വകവയ്ക്കാതെ, വാടകക്കാർ അയൽവാസിയുടെ പുരയിടത്തിലേക്ക് ഗാർഹിക മാലിന്യങ്ങൾ തള്ളുകയായിരുന്നു . കോലഞ്ചേരി പി.എം.പൈലിപ്പിള്ള റോഡിലുള്ളതാണ് ഫ്ളാറ്റ്.
അദ്ധ്യാപകരും ഉദ്യോഗസ്ഥരുമായ അഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസം. പ്ലാസ്റ്റിക് മാലിന്യം, കവറിൽ കെട്ടിയ ഭക്ഷണ അവശിഷ്ടം, ഡയപ്പറുകൾ, മദ്യക്കുപ്പികൾ എന്നിവ നാലുപാടും വലിച്ചെറിഞ്ഞ് ഇവർ പരിസരവാസികൾക്ക് 'മാതൃക' കാട്ടി. ദുർഗന്ധവും ഈച്ച ശല്യയവും കടുത്തതപ്പോഴാണ് പരാതികൾ ഗൗരവമായത്.
സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ ഫ്ളാറ്റ് ഉടമയെ വിളിച്ചു വരുത്തി. മുഴുവൻ മാലിന്യവും ഫ്ളാറ്റുടമയുടെ ചുമതലയിൽ തിരികെ വാരിയെടുപ്പിച്ച് നീക്കം ചെയ്തു.
ഫ്ളാറ്റിൽ ഗാർഹിക മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സൗകര്യമൊരുക്കാനും , പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സംവിധാനത്തിലേക്ക് കൈമാറുന്നതിനും നിർദ്ദേശിച്ച് ഫ്ളാറ്റുടമയ്ക്ക് നോട്ടീസ് നൽകി.
പൂതൃക്ക ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ.സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.നവാസ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ജനുവരി 1 മുതൽ കേരളസർക്കാർ നടപ്പിലാക്കുന്ന സമ്പൂർണ്ണ പ്ലാസ്റ്റിക് നിയന്ത്റണ പരിപാടികളോട് കച്ചവടക്കാരും സ്ഥാപനങ്ങളും കുടുംബങ്ങളും സഹകരിച്ച് നിയമനടപടികളിൽ നിന്നും ഒഴിവായി നിൽക്കുവാൻ ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ: അരുൺ ജേക്കബ് അറിയിച്ചു.