asset-homes

കൊച്ചി: ഇന്നുമുതൽ 2020 മാർച്ച് 31വരെയായി 100 ദിവസത്തിനകം 500 വീടുകൾ നിർമ്മാണം പൂർത്തിയാക്കി, ഉടമകൾക്ക് കൈമാറുന്ന പദ്ധതി അസറ്റ് ഹോംസ് പ്രഖ്യാപിച്ചു. ഏഴു ഭവന പദ്ധതികളിലും ഒരു വാണിജ്യ പദ്ധതിയിലുമാണ് 'മിഷൻ 100 ഡേയ്‌സ്" നടപ്പാക്കുന്നതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്‌ടർ വി. സുനിൽകുമാർ പറഞ്ഞു.

പത്തുലക്ഷം ചതുരശ്ര അടി നിർമ്മാണമാണ് ഇതുവഴി നടത്തുക. കേരളത്തിലെ ബിൽഡർമാർക്കു ലഭിച്ച ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗായ ഡി.എ 2+ നേടിയ അസറ്റ് ഹോംസ്,​ 12 വർഷത്തിനിടെ 58 പദ്ധതികൾ പൂർത്തിയാക്കി. വിവിധ ജില്ലകളിൽ 20 ഭവനപദ്ധതികൾ നിർമ്മാണത്തിലാണ്.

കേന്ദ്രസർക്കാർ നടപ്പാക്കുന്ന ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജനയ്ക്ക് (ഡി.ഡി.യു.ജി.കെ.വൈ) കീഴിൽ സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനുമായി സഹകരിച്ച് 18നും 35നുമിടയ്ക്ക് പ്രായമുള്ളവർക്ക് നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട സൗജന്യ കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.