അങ്കമാലി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ പ്രവൃത്തികളും ഭൗമശാസ്ത്രസംവിധാനത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കാലടി, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, വി.ഇ.ഒമാർ, എസ്.സി പ്രമോട്ടർമാർ എന്നിവർക്കായി ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. എൽസി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. 2020- 21 വർഷം മുതൽ 5 വർഷത്തേക്ക് കാലടി, മലയാറ്റൂർ നീലശ്വരം പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ഭൗമശാസ്ത്രസംവിധാനത്തിൽ ആയിരിക്കും നടത്തുന്നത്. യോഗത്തിൽ കാലടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാ ബാലൻ, മലയാറ്റൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആതിര ദിലീപ്, പഞ്ചായത്ത് അംഗങ്ങളായ സ്റ്റാൻലി പി.വി, സജീവ് ചന്ദ്രൻ, പുഷ്പാമണി ജയപ്രകാശ്, ഗീത ബാബു, റൂബി ആന്റണി, സോഫി വർഗീസ് എന്നിവർ പ്രസംഗിച്ചു.