bjp
സീ പോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടം നിർമ്മാണം തുടങ്ങാത്തിതിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചപ്പോൾ

ആലുവ: നിർമ്മാണം ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് തികയുന്ന സീ പോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടം നിർമ്മാണം തുടങ്ങാത്തിതിനെതിരെ റോഡിനായി അളന്ന് തിട്ടപ്പെടുത്തിയ സർവേക്കല്ലിൽ ചുവന്നപട്ട് വിരിച്ച് റീത്തും പുഷ്പങ്ങളും അർപ്പിച്ച് അന്ത്യകർമ്മം നടത്തി ബി.ജെ.പിയുടെ വേറിട്ട പ്രതിഷേധം.
22 കിലോമീറ്റർ റോഡ് നിർമ്മാണത്തിൽ പൂർത്തികരിക്കാനുള്ള 11 കിലോമീറ്റർ പൂർണമായും ആലുവ നിയോജക മണ്ഡലത്തിലെ ചൂർണിക്കര, എടത്തല, കീഴ്മാട്, ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശേരി എന്നീ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകേണ്ടത്. എന്നാൽ എം.എൽ.എമാർ സജീവമായി ഇടപെടാത്തതിനാലാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നതെന്ന് സമരക്കാർ ആരോപിച്ചു.
റോഡുമായി ബന്ധപ്പെട്ട് മഹിളാലയം, തുരുത്ത് പാലങ്ങൾ നിർമ്മിച്ചെങ്കിലും റോഡിനായി സ്ഥലം അളന്ന് കുറ്റിവച്ചതല്ലാതെ സ്ഥലം സർക്കാർ ഏറ്റെടുത്തിട്ടില്ല. ഇതിനാൽ ഭൂവുടമകൾക്ക് ക്രയവിക്രയം ചെയ്യാനാകുന്നില്ല.
നൊച്ചിമയിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം കുന്നത്തേരി കട്ടേപ്പാടത്ത് റോഡിനായി സർവേക്കല്ല് സ്ഥാപിച്ച സ്ഥലത്താണ് സമാപിച്ചത്. മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന ഉദ്ഘാടനം ചെയ്തു. നൊച്ചിമ മേഖലാ കൺവീനർ പി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്. സി മോർച്ച ജില്ലാ കമ്മറ്റി അംഗം സനീഷ് കളപ്പുരയ്ക്കൽ, നേതാക്കളായ കെ.എസ്. പ്രിജു, പ്രസന്നകുമാർ, അനൂപ്, രാജേഷ് കുന്നത്തേരി, ഷൺമുഖൻ, റിനീഷ്, വിശ്വംഭരൻ, ഗിരീഷ്, രാധാകൃഷ്ണൻ, നിഖിൽ, ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.