ആലുവ: ഫ്രഞ്ചുകാരായ പ്രണയിതാക്കൾക്ക് കൊട്ടും കുരവയുമായി തനിൽ കേരളീയ മാതൃകയിൽ മംഗല്യ സൗഭാഗ്യം. വിട്ടുമാറാത്ത നടുവേദനയ്ക്ക് ചികിത്സ തേടി ആലുവയിലെത്തിയ ഫാബിയൻ സാമിയയെയാണ് ജീവിത സഖിയാക്കിയത്.
ഏഴ് വർഷമായി ആലുവ സാരഥി ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നുണ്ട് ഫാബിയൻ. കേരളത്തിന്റെ വിവാഹ രീതികൾ സാമിയോട് പറഞ്ഞപ്പോൾ അവർക്കും താത്പര്യമായി. അങ്ങനെ രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഏലൂക്കര സാരഥി ആയുർവേദ ആശുപത്രി മുറ്റത്ത് കതിർമണ്ഡപമൊരുങ്ങിയത്.
പാരീസിൽ ഫാബിയന് കീഴിൽ ആയുർവേദ തെറാപ്പി പഠിക്കാനെത്തിയ ശിഷ്യയാണ് സാമിയ. ഇവിടെ വിവാഹം ചെയ്യാനായത് പൂർവ്വജന്മസുകൃതമെന്നാണ് ഫാബിയൻെറ ആദ്യ പ്രതികരണം.
മുണ്ടും ഷർട്ടുമായിരുന്നു വരന്റെ വേഷം. സാമിയ തനി മലയാളി വധുവുമായി. രക്ഷിതാക്കളുടെ റോൾ ആശുപത്രി ഉടമ ടി.പി. സുകുവും ഭാര്യയും ഡോക്ടറുമായ ലതികയും ഏറ്റെടുത്തു. ഫ്രാൻസിൽ നിന്നും 10 അംഗ സംഘവും എത്തിയിരുന്നു. ഏലൂക്കരയിലെ നാട്ടുകാർ ഉൾപ്പെടെ
ചടങ്ങിന് സാക്ഷിയാകാൻ നൂറോളം അതിഥികളുമുണ്ടായിരുന്നു. തൂശനിലയിൽ പപ്പടം പഴം പായസം സഹിതം സദ്യയും വിളമ്പി.
നാൽപ്പത്തുകാരനായ ഫാബിയൻ വേദപഠനവുമായി ബന്ധപ്പെട്ട് 2000 മുതൽ ഇന്ത്യയിൽ സന്ദർശനം നടത്തുന്നുണ്ട്. 2018ലെ മഹാപ്രളയകാലത്തും ഫാബിയൻ പെരിയാറിൻ തീരത്തുള്ള സാരഥിയിൽ ഉണ്ടായിരുന്നു. അന്ന് നീന്തിയാണ് രക്ഷപ്പെട്ടത്. പ്രളയകാലം ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നും ഫാബിയൻ പറയുന്നു.ആയുർവേദത്തെക്കുറിച്ച് ഏതാനും പുസ്തകങ്ങളും ഫാബിയൻ രചിച്ചിട്ടുണ്ട്.