കൊച്ചി: ധനകാര്യമേഖലയിൽ നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എ.ഐ) ഉപയോഗപ്പെടുത്താൻ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ശ്രമം തുടങ്ങി. വികസനത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. വികസന പദ്ധതികളിൽ കൂടുതൽ കൃത്യത ഉറപ്പാക്കുകയും ലക്ഷ്യമാണ്.
മുൻകാല പദ്ധതികളിലെ വിവിധ ഘടകങ്ങളെ വിലയിരുത്തി, നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഭാവിപദ്ധതികളെ കൂടുതൽ കാര്യക്ഷമമായി സമീപിക്കും. അതുവഴി മികച്ച ഫലം നേടുകയും ഉദ്ദേശ്യമാണ്. കാലഹരണപ്പെട്ട പേപ്പർ ഫയലിംഗ് രീതികൾക്ക് പകരം വിവരശേഖരണം മുഴുവനും ഇപ്പോൾ ഡിജിറ്റലൈസ് ചെയ്യുന്നുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട ബില്ലുകളുടെ സ്ഥിതിയറിയാൻ കരാറുകാർ ഓഫീസുകൾ കയറിയിറങ്ങേണ്ട. പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയാൻ കഴിയും.
ഭാവിവികസന പ്രവർത്തനങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ പണം സമാഹരിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റുകയാണ് കിഫ്ബി വഴി സർക്കാർ ലക്ഷ്യമിടുന്നത്.
അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്‌ബി ഇതുവരെ ആവിഷ്‌കരിച്ചത്. 45,619 കോടി രൂപയുടെ 591 പദ്ധതികൾക്ക് അനുമതി നൽകി. കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ 'കേരളനിർമ്മിതി" എന്ന പേരിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി എല്ലാ ജില്ലകളിലും പര്യടനം നടത്തും. വികസനപ്രവർത്തനങ്ങളുടെ ത്രിമാന വിർച്വൽ മാതൃകകളും വിശദാംശങ്ങളും പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾക്ക് പ്രശ്‌നോത്തരി, ഉപന്യാസ രചനാ മത്സരങ്ങളും സംഘടിപ്പിക്കും. 14 മാസം കൊണ്ട് 14 ജില്ലകളിലും പര്യടനം നടത്തും.