vellappilly
കണ്ണിമംഗലത്ത് ഗുരുവിന്റെ പഞ്ചലോഹ പ്രതിഷ്ഠക്ക് മുന്നിൽ

കാലടി: ലോകസമാധാനത്തിന് ഗുരുദേവ ദർശനങ്ങളാണ് ഏക ആശ്രയമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യമ്പുഴ കണ്ണിമംഗലത്ത് എസ്.എൻ.ഡി.പി യോഗം കണ്ണിമംഗലം ശാഖയുടെ പഞ്ചലോഹ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ സമർപ്പണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാതുർവർണ്യത്തിന്റെയും ജാതി വിവേചനത്തിന്റെയും അടിമത്വത്തിൽ നിന്ന് പിന്നാക്കജനതയെ മോചിപ്പിക്കുന്നതിനായി ഡോ.പൽപ്പുവിനാൽ രൂപം കൊണ്ടതാണ് എസ്.എൻ.ഡി.പി യോഗം. കാലമിത്രയായിട്ടും ജാതിവിവേചനങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വിഗ്രഹ പ്രതിഷ്ഠാ കർമ്മം കുറിച്ചി ആശ്രമത്തിലെ സ്വാമി ധർമ്മ ചൈതന്യ നിർവ്വഹിച്ചു.

പൊതു സമ്മേളനത്തിൽ കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സജിത് നാരായണൻ മുഖ്യ പ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി സന്തോഷ് ഇഞ്ചേലി പറമ്പിൽ സ്വാഗതവും, ശാഖ വൈസ്.പ്രസിഡന്റ് ഗിരീഷ് ടി.വി. നന്ദിയും പറഞ്ഞു.