port

കൊച്ചി : ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ളാസ്റ്റിക് വസ്തുക്കൾ കൊണ്ട് കൊച്ചി തുറമുഖ അധികൃതർ നിർമ്മിച്ച ക്രിസ്‌മസ് കലാരൂപം ശ്രദ്ധ പിടിച്ചുപറ്റുന്നു. വില്ലിംഗ്ഡൺ ഐലൻഡിൽ കണ്ണങ്ങാട്ട് പാലത്തിന് സമീപം തുറമുഖത്തിന്റെ നടപ്പാതയിലാണ് കലാരൂപം സ്ഥാപിച്ചത്.

ക്രിസ്‌മസ് ട്രീയുടെ മാതൃകയിലാണ് 24 അടി ഉയരത്തിൽ കലാരൂപം നിർമ്മിച്ചത്. സ്ച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി പ്ളാസ്റ്റിക് വിപത്തിനെതിരെ ബോധവത്കരണത്തിനാണ് കലാരൂപം ഒരുക്കിയത്. തുറമുഖത്തെ ജീവനക്കാരും കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും മറ്റും ശേഖരിച്ച കാൽലക്ഷം പ്ളാസ്റ്റിക് കുപ്പികളാണ് ഇതിനായി ഉപയോഗിച്ചത്. ഐലൻഡിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ 15 ദിവസം കൊണ്ടാണ് കലാരൂപം പൂർത്തിയാക്കിയത്. വിവിധ നിറങ്ങൾ മിന്നിമറയുന്ന വിധത്തിലാണ് ട്രീ ഒരുക്കിയത്. പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണത്തിന് ഒപ്പിടാൻ ബോർഡും തയ്യാറാക്കിയിട്ടുണ്ട്. ഈമാസം മുഴുവൻ കലാരൂപം പ്രദർശിപ്പിക്കും.

മേയർ സൗമിനി ജെയിൻ കലാരൂപത്തിന്റെ പ്രദർശനം ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എം. ബീന കലാരൂപം ഒരുക്കിയ എസ്.പി. ശരൺ, ജിൻസ് ബെർലിഗ് എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.