മൂവാറ്റുപുഴ:സർവ്വകലാശാലകളിലെ യുവത്വം തെറ്റിനെതിരെ പ്രതിഷേധ ജ്വാലകൾ ഉയർത്തുന്നതു കാണുമ്പോൾ ജനാധിപത്യ വിശ്വാസികളുടെ അന്തരംഗം അഭിമാനപൂരിതമാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഡി. ശ്രീമാൻ നമ്പൂതിരിയുടെ പേരിൽ മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം ഡി. സി. ബുക്ക്സ് പ്രസിദ്ധികരിച്ച ചെപ്പും പന്തും എന്ന നോവലിന്റെ രചയിതാവ് വി.എം. ദേവദാസിന് നൽകുകയായിരുന്നു മന്ത്രി. ഒരു ഭാഷയോടും വിരോധം പാടില്ല .പക്ഷെ മാതൃഭാഷ നമുക്ക് അമൃതിന് തുല്യമായി കരുതുകയും വേണം. ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും വി.എം.ദേവദാസിന്റെ അഭാവത്തിൽ പിതാവ് വി.കെ. മോഹനൻ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. കബനി പാലസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അജു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൺസിൽ എക്‌സിക്യൂട്ടീവ് മെമ്പറും കവിയുമായ . എസ് രമേശൻ പുസ്തകം പരിചയപ്പെടുത്തി. വി. രാജശേഖരൻനായർ എൻഡോവ്മെന്റ് പോത്താനിക്കാട് പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് കം പ്രൊഡക്ഷൻ സെന്റർ ഫോർ ദി വിഷ്വലി ഹാൻഡിക്യാപ്ഡ് വിമൺ സെന്ററിന്റെ സൂപ്രണ്ട് പി.കെ. ഗീതയും സഹപ്രവർത്തകരായ അന്ധവിദ്യാർത്ഥികളും ചേർന്ന് എസ് സി ഇആർ ടി ഡയറക്ടർ ജെ. പ്രസാദിൽ നിന്നും ഏറ്റുവാങ്ങി. അൻപതിനായിരം രൂപയാണ് എൻഡോവ്‌മെന്റ്. ആശാൻ സ്മാരക പുരസ്‌ക്കാര ജേതാവായ കവി എസ് രമേശനെ മുൻ എം.എൽ.എയും അജു ഫൗണ്ടേഷൻ ഡയറക്ടറുമായ ഗോപികോട്ടമുറിക്കൽ ആദരിച്ചു. മുൻ എം.പി. ഡോ.സെബാസ്റ്റ്യൻ പോൾ, സംസ്‌കൃത സർവ്വകലശാല മ്യൂറൽ പെയിന്റിംഗ് വിഭാഗം മേധാവി സാജു തുരുത്തിൽ എന്നിവർ സംസാരിച്ചു . ഫൗണ്ടേഷൻ ഡയറക്ടർ വിജയലക്ഷ്മി അരവിന്ദൻ നന്ദിപറഞ്ഞു.