കോലഞ്ചേരി: കുടുംബശ്രീ വനിതകളുടെ ജീവിത തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ വനിതകളെയും പത്താംതരം, ഹയർ സെക്കൻഡറി യോഗ്യതയുള്ളവരാക്കി മാറ്റുന്ന 'സമ' പദ്ധതിയ്ക്ക് തുടക്കമായി.
സംസ്ഥാനത്തെ 1000 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമായി 50 സ്ത്രീകൾ പഠിതാക്കളായുള്ള ഓരോ പത്താംതരം, ഹയർസെക്കൻഡറി തുല്യതാ ബാച്ചുകളാണ് ആരംഭിക്കുന്നത്.
ഒരു ലക്ഷം പഠിതാക്കൾ ക്ലാസുകളിലെത്തുമെന്നാണ് കണക്കുകൂട്ടൽ
സംസ്ഥാനത്ത് മൊത്തം 48 ലക്ഷം കുടുംബശ്രീ അംഗങ്ങളാണുള്ളത്. ഇതിൽ പത്താംതരം യോഗ്യത ഇല്ലാത്തവരാണ് ഭൂരിഭാഗം പേരും. ഇവരെ വിദ്യാഭ്യാസം നല്കി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കെത്തിക്കുകയാണ് ലക്ഷ്യം.കുടുംബശ്രീ അംഗങ്ങളിൽ യോഗ്യരായ സ്ത്രീകൾക്കാണ് ഈ കോഴ്‌സുകളിൽ അദ്ധ്യാപകരാകാൻ മുൻഗണന.
ഏഴാം ക്ലാസ് വിജയിച്ചവർക്കും സാക്ഷരതാമിഷന്റെ ഏഴാതംതരം തുല്യതാ കോഴ്‌സ് പാസായവർക്കും പത്താംതരം തുലത്യതാ കോഴ്‌സിൽ ചേരാം. 17 വയസ്സാണ് കുറഞ്ഞ പ്രായപരിധി.
ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി 22 വയസ്സാണ്. ഔപചാരികതലത്തിലെ പത്താം ക്ലാസ് അല്ലെങ്കിൽ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് വിജയിച്ചവർക്ക് ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിൽ പ്രവേശനം നേടാം.
സ്‌കൂൾ പഠനം പാതിവഴിയിൽ മുടങ്ങിയവരും ഇനി പഠിക്കണമെന്ന് ആഗ്രഹിക്കുന്നവരും സാമ്പത്തികവും കുടുംബസാഹചര്യവും അനുവദിക്കാത്തതിനാൽ പഠിക്കാൻ കഴിയാത്തവരുമായ നിരവധി സ്ത്രീകൾക്ക് 'സമ' പദ്ധതി ഗുണകരമാകും
കോഴ്സ് ഫീസ്
പത്താംതരംത്തിന് കോഴ്‌സ് ഫീസ് 1750, പരീക്ഷാഫീസ് 500 മൊത്തം 2250 രൂപയാണ് ഫീസ്.
ഹയർസെക്കൻഡറിക്ക് രണ്ടുവർഷത്തേക്ക് 4400 രൂപയാണ് കോഴ്‌സ് ഫീസ്. പരീക്ഷാ ഫീസ് രണ്ടുവർഷത്തേക്കുമായി 1500 രൂപ. മൊത്തം ഫീസ് 5900 രൂപ.പഠിതാക്കൾക്കുള്ള കോഴ്‌സ് ഫീസും പരീക്ഷാ ഫീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും.
യോഗ്യരായവർ ഇല്ലെങ്കിൽ മറ്റ് വനിതകളെ പരിഗണിക്കും.
തുല്യതാ പഠനകേന്ദ്രങ്ങളുടെ സെന്റർ കോ ഓർഡിനേറ്റർമാരെ കുടുംബശ്രീ നിയോഗിക്കും. അദ്ധ്യാപകർക്കും സെന്റർ കോ ഓർഡിനേറ്റർമാർക്കുമുള്ള ഓണറേറിയം സാക്ഷരതാമിഷൻ വഹിക്കും.