ഹൈക്കോടതി റദ്ദാക്കിയത് ഫാക്ട് ജീവനക്കാരന് എതിരായ നടപടി
കൊച്ചി: ഫാക്ടിന്റെ ആന്ധ്ര കഡപ്പ യൂണിറ്റിൽ ഡിപ്പോ അസിസ്റ്റന്റ് ആയിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശി ഷേക്ക് ഖലീൽ അഹമ്മദിനെ സ്റ്റോക്ക് തിരിമറിയുടെ പേരിൽ പിരിച്ചുവിട്ടത് നാല്പത്തിയാറാം വയസ്സിൽ. നീണ്ട നിയമയുദ്ധത്തിനൊടുവിൽ, ഖലീൽ അഹമ്മദിനെ പിരിച്ചുവിട്ട നടപടി കേരള ഹൈക്കോടതി റദ്ദാക്കുമ്പോൾ വയസ്സ് 71. ജോലിയിൽ തിരികെ പ്രവേശിക്കാനാകില്ലെങ്കിലും ശമ്പള കുടിശികയും വിരമിക്കൽ ആനുകൂല്യവും രണ്ടു മാസത്തിനകം നൽകാനുള്ള കോടതി വിധി ഖലീലിന് ആശ്വാസം.
ഇരുപത്തിയഞ്ചു വർഷം ദീർഘിച്ചൊരു നിയമപോരാട്ടത്തിന്റെ കഥയാണിത്. ഫാക്ട് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന വളത്തിന്റെ സ്റ്റോക്കിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് 1992 നവംബർ 15 നാണ് ഖലീൽ സസ്പെൻഷനിലായത്. അന്വേഷണത്തിൽ ഖലീൽ കുറ്റക്കാരനെന്നു കണ്ടെത്തി, 1995 സെപ്തംബർ 16 ന് പിരിച്ചുവിടൽ. കേസിൽ 2002 ഫെബ്രുവരി ഒന്നിന് ഖലീലിനെ കഡപ്പ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന്, ജോലിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഫാക്ടിനെ സമീപിച്ചെങ്കിലും കമ്പനി അനങ്ങിയില്ല.
ഖലീലിന്റെ അപേക്ഷ പരിഗണിക്കാൻ ആന്ധ്ര ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും അതും തള്ളി. ഫാക്ടിന്റെ ആസ്ഥാനം കേരളത്തിലായതിനാൽ ഖലീൽ പിന്നീട് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിലാണ് സിംഗിൾ ബെഞ്ചിന്റെ ഇപ്പോഴത്തെ അനുകൂല വിധി. സ്റ്റോക്ക് പരിശോധന നടക്കുമ്പോൾ സീനിയർ ഡിപ്പോ മാനേജർ ലീവിൽ ആയതുകൊണ്ട് ഖലീലിനാണ് ചുമതലയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അച്ചടക്ക നടപടി. പക്ഷേ, ഖലീലിനാണ് ചുമതല എന്നതിനു തെളിവില്ല. അതു രക്ഷയായി. 71-ാം വയസ്സിൽ അർബുദവും ശാരീരിക അവശതകളും തളർത്തുമ്പോൾ ഖലീലിന് ആശ്വാസം, കാൽനൂറ്റാണ്ടത്തെ പോരാട്ടം വെറുതെയായില്ല എന്നതു മാത്രം.