കൊച്ചി : വിവാഹിതകളിലെ സുന്ദരികളെ കണ്ടെത്തുന്ന മത്സരത്തിൽ മാറ്റുരയ്ക്കുന്നത് 32 മലയാളികൾ. മൂവായിരത്തോളം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്തവർ ക്രിസ്‌മസ് ദിനത്തിൽ ലേ മെറിഡിയൻ ഹോട്ടലിൽ അന്തിമമത്സരത്തിന് ഒരുങ്ങി.
എസ്പാനിയോ ഇവന്റ്സാണ് മത്സരം ഒരുക്കുന്നത്. കേരളത്തിൽ വേരുകളുള്ള വിവാഹിതരായ സുന്ദരിമാർക്കായാണ് മിസിസ് കേരള മത്സരം സംഘടിപ്പിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, ദുബായ് എന്നിവിടങ്ങളിൽ നടത്തിയ ഓഡിഷനിൽ മൂവായിരം പേർ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരാണ് 32 പേരെ അവസാനഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുത്തത്. ഇന്ത്യൻ ഫാഷൻലീഗ് സീസൺ നാലിന്റെ ഭാഗമായാണ് മത്സരം ഒരുക്കുന്നത്. മുപ്പതോളം പ്രശസ്ത ഫാഷൻ ഡിസൈനർമാർ ലീഗിൽ പുതിയ സൃഷ്ടികൾ അവതരിപ്പിക്കുമെന്ന് എസ്പാനിയോ ഇവന്റ്സ് മാനേജിംഗ് ഡയറക്ടർ എ.ടി. അൻവർ പറഞ്ഞു.