സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ക്രിസ്‌മസ് സന്ദേശം.

ക്രിസ്‌മസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ്. ക്രിസ്‌മസിൽ സന്തോഷിക്കണം. പരസ്പരം സൗഹാർദ്ദത്തിൽ വളരണം; പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതും കരോൾ ഗാനങ്ങൾ ആലപിക്കുന്നതും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവം നമുക്ക് നൽകും.

യാതനകളുടെ നടുവിലാണ് ഇന്നും ജനങ്ങൾ. കർഷകർ നേരിടുന്ന ക്ലേശങ്ങൾ എത്രയേറെ. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമില്ലാതെ സർക്കാരുകളുടെ കൃത്യവിലോപം തുടരുന്നു. മത്സ്യത്തൊഴിലാളികൾ ആയുസുകൊണ്ട് നേടിയെടുത്ത ജീവനോപാധികളും പാർപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും കടൽഭിത്തികളുടെ അഭാവംമൂലം നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നു.

അപമാനിക്കപ്പെടുന്ന സ്ത്രീത്വം, ലഹരിയിലാഴുന്ന യുവത്വം, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പോരാട്ടങ്ങൾ, ഭ്രൂണഹത്യ, ആൾക്കൂട്ടകൊലകൾ, രാഷ്ട്രീയ പോരാട്ടങ്ങൾ ഇവയെല്ലാം ജീവിതത്തെ ദുസഹമാക്കുന്ന കാലഘട്ടമാണിത്.

പ്രതികൂലങ്ങളുടെ നടുവിലാണ് യേശുവിന്റെ ജനനം. ചക്രവർത്തി പ്രഖ്യാപിച്ച ജനങ്ങളുടെ കണക്കെടുപ്പിനുവേണ്ടിയുള്ള ക്ലേശകരമായ ബേത്‌ലഹം യാത്ര, ഗർഭിണിയായ മറിയത്തിന്റെ ഈ യാത്രയ്ക്കിടയിലെ വിഷമതകൾ, ബേത്‌ലഹമിൽ പാർക്കാൻ ഇടം ലഭിക്കാത്ത അവസ്ഥ, കാലിത്തൊഴുത്തിലെ ഉണ്ണിയുടെ പിറവി, പുൽത്തൊട്ടിയിൽ ശയിക്കുന്ന ഈശോ ഇവയെല്ലാം ഉണ്ണിയീശോയുടെ ജനനത്തിന്റെ ദുർഘട സാഹചര്യങ്ങളാണ്.
യേശുവിന്റെ സന്ദേശം ലോകം ഓർമ്മിക്കണം. ഇല്ലായ്മയും, ദാരിദ്ര്യവും, തിരസ്‌കരണവും നന്മയിലേക്ക് നയിക്കുന്ന അവസരമായി മാറണം. കുടിവെള്ളത്തിന്റെ അഭാവംമൂലം വിഷമിക്കുന്ന ജനങ്ങൾ, ഭവനരഹിതർ, മതവിശ്വാസംമൂലം പീഡിപ്പിക്കപ്പെടുന്നവർ, വിദ്യാഭ്യാസൗകര്യങ്ങൾ കിട്ടാത്ത കുട്ടികൾ, തെരുവിൽ അലഞ്ഞുനടക്കുന്ന സഹോദരീ സഹോദരന്മാർ എന്നിവരുടെയെല്ലാം കഷ്ടപ്പാടുകൾ നീക്കാൻ ഒരുമിച്ചു പ്രവർത്തിക്കാനുള്ള അവസരമായിത്തീരട്ടെ ഈ ക്രിസ്മസ്.