vanchi
നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത മണൽ വഞ്ചി

# മണൽവഞ്ചിയും ലോറിയും കസ്റ്റഡിയിൽ

ആലുവ: ചെറിയാെരു ഇടവേളയ്ക്ക് ശേഷം പെരിയാറിൽ അനധികൃത മണൽവാരൽ ശക്തമായി. ഒരു വിഭാഗം പൊലീസുകാരുടെ ഒത്താശയോടെയാണ് പട്ടാപ്പകലും മണൽ വാരുന്നതെന്നാണ് പരാതി. പ്രളയത്തെ തുടർന്ന് ഡാമുകളിൽ നിന്നായി ഒഴുകിയെത്തിയ മണലിൽ ഭൂരിഭാഗവും മണൽമാഫിയ വിറ്റ് കാശാക്കി.

അതിനിടെ ഇന്നലെ നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് ദേശത്തുനിന്ന് മണൽവഞ്ചിയും മറ്റൊരിടത്ത് നിന്നും മണൽലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. മണൽ ലോറിയിലേക്ക് മാറ്റിയ ശേഷം ജീലാനി കടവിൽ വഞ്ചി സൂക്ഷിക്കാൻ എത്തിയപ്പോൾ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ നെടുമ്പാശേരി പൊലീസാണ് വഞ്ചി കസ്റ്റഡിയിലെടുത്തത്. മണൽവാരിനിറച്ച ലോറി ആലുവ സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്. അതേസമയം മണൽ വാരിയ തൊഴിലാളികൾ രക്ഷപ്പെട്ടു. ലോറി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി അഫ്സൽ (28) പിടിയിലായി. ഇയാളെയും മണൽ ലോറിയും ആലുവ കോടതിയിൽ ഹാജരാക്കി. ബിനോയി എന്നയാളുടെ പേരിലുള്ളതാണ് ലോറി.

# പിന്നിൽ കൂട്ടുകമ്പനി

നാട്ടുകാരായ ചിലരുടെയും ഗുണ്ടാസംഘത്തിന്റെയും സഹായത്തോടെയാണ് പെരിയാറിൽ മണൽ വാരുന്നതെന്ന് നാട്ടുകാർ പറയുന്നു. അതിനാൽ ആരും പരസ്യമായി രംഗത്തുവരില്ല. രഹസ്യമായി പൊലീസിനെ വിവരമറിയിച്ചാലും ഇവർ തിരിഞ്ഞുനോക്കില്ല. മാത്രമല്ല വിളിച്ചറിയിച്ചയാളുടെ വിവരം താമസിയാതെ മണൽമാഫിയ അറിയും. പൊലീസിലെ ചിലരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

# അപ്രത്യക്ഷമായ മണൽക്കൂമ്പാരം

കഴിഞ്ഞ പ്രളയകാലത്ത് തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറത്ത് ടൺ കണക്കിന് മണലാണ് അടിഞ്ഞുകൂടിയത്. എന്നാൽ ഇതിന്റെ നാലിലൊന്ന് പോലും മണൽ ഇപ്പോഴില്ല. എവിടെപ്പോയെന്ന് ആർക്കും അറിയില്ല. നിർമ്മാണ ആവശ്യങ്ങൾക്ക് മണലിന് പകരം മെറ്റൽപൊടി ഉപയോഗിക്കുന്നതിനാൽ മണലിന് ആവശ്യക്കാർ കുറവായിരുന്നു. എന്നാൽ മെറ്റൽപൊടി ഉപയോഗിച്ച് നിർമ്മിച്ച വീടുകളുടെ ഭിത്തി പൊട്ടുന്നത് പതിവായതോടെയാണ് വീണ്ടും മണലിന് ഡിമാൻഡ് കൂടിയത്. ഇതിനിടയിൽ പ്രളയകാലത്ത് പെരിയാറിലേക്ക് മണൽ വൻതോതിൽ ഒഴുകിയെത്തിയതും മണൽമാഫിയക്ക് സൗകര്യമായി. ഒരു ലോഡ് മണലിന് അരലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്.