ഫോർട്ടുകൊച്ചി: പൈതൃകനഗരിയിൽ അവശേഷിക്കുന്ന ചീനവലകൾ മുഖം മിനുക്കാൻ വീണ്ടും രണ്ടര കോടി അനുവദിച്ചു. 2015ൽ മുടക്കിയ ഒന്നര കോടി കടലിൽ കായം കലക്കിയതു കൂടാതെയാണ് വീണ്ടും കോടികൾ അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ പ്രവർത്തിക്കുന്ന ഇരുമ്പ് പൈപ്പുകൾ മാറ്റി നല്ല ബലവും ഉറപ്പുമുള്ള വലിയ പരമ്പരാഗത കഴകൾ സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ തടികിട്ടാത്തത് നവീകരണത്തെ ബാധിച്ചു. ഇതു മൂലമാണ് നവീകരണം നീണ്ടത്. 2018ൽ 7 തടി ഉരുപ്പടികൾ ഇറക്കുമതി ചെയ്തങ്കിലും വീണ്ടും നവീകരണം സ്തംഭിച്ചു. കൃത്യമായ കാരണം വിശദീകരിക്കാൻ അധികാരികൾക്കാവുന്നില്ല. തുടർന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് ഇപ്പോൾ നവീകരണത്തിനായി രണ്ടര കോടി അനുവദിച്ചിരിക്കുന്നത്. കിറ്റ് കോയുടെ രൂപകല്പനയിലാണ് പുതിയ നവീകരണം നടക്കാൻ പോകുന്നത്. കോടികൾ മുടക്കുമ്പോഴും കൊച്ചിയുടെ മുഖമുദ്രയായ ചീനവലകൾക്ക് മരണമണി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. 15 ഓളം ചീനവലകൾ ഉണ്ടായിരുന്ന ഫോർട്ടുകൊച്ചിയിൽ ഇപ്പോൾ അവശേഷിക്കുന്നത് എട്ട് ചീനവലകളാണ്.പലരുടെയും കീശ വീർക്കുന്നതല്ലാതെ യാതൊരു നവീകരണങ്ങളും നടക്കുന്നില്ലെന്നാണ് കമാലക്കടവിലെ ചീനവല തൊഴിലാളികൾ പറയുന്നത്. ഒരു വലയിൽ പത്തോളം തൊഴിലാളികളാണ് ജോലി എടുക്കുന്നത് .മത്സ്യത്തിന്റെ ദൗർലഭ്യതയും കൂടി ആയപ്പോൾ ചായ കാശ് പോലും പലപ്പോഴും ലഭിക്കാറില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. വൻതോതിൽ ജങ്കാർജെട്ടി ഭാഗത്ത് ചാകര കടലമ്മ കനിഞ്ഞ് നൽകിയപ്പോഴും ചീനവല ശൂന്യമായിരുന്നു എന്നാണ് തൊഴിലാളികളുടെ വിലാപം.
നവീകരണത്തിന് 2.5 കോടി
അവശേഷിക്കുന്നത് 8 ചീനവലകൾ