കെട്ടുകാഴ്ചയ്ക്ക് ഇന്ന് തിരി തെളിയും
കൊച്ചി: കടമക്കുടി കെട്ടുകാഴ്ചയ്ക്ക് ഇന്ന് തിരിതെളിയും. ക്രിസ്മസ് അവധിക്കാലത്ത് കടമക്കുടിയിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് വൈവിദ്ധ്യമാർന്ന കാഴ്ചകളാണ്. കടമക്കുടി, വരാപ്പുഴ പഞ്ചായത്തുകളും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന കെട്ടുകാഴ്ച കടമക്കുടി ടൂറിസം ഫെസ്റ്റ് ഇന്ന് വൈകിട്ട് അഞ്ചിന് സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ സംസ്‌കാരവും കലാരൂപങ്ങളും സമന്വയിപ്പിച്ചാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ദേശാടനപ്പക്ഷികൾ ഉൾപ്പെടെയുള്ള കിളികളെ നേരിൽകാണാനും, മീനുകളെ ചൂണ്ടയിലാക്കാനും ഏറുമാടത്തിൽ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്കാനും കാളവണ്ടിയിലും മുളച്ചങ്ങാടത്തിലും കയറി പഴയകാല സവാരി നടത്താനുമുള്ള അവസരങ്ങളുമുണ്ട്. മുളച്ചങ്ങാടം , കുതിരസവാരി, കാളവണ്ടി തുടങ്ങിയ പ്രാചീന സവാരികളും നാട്ടങ്ങാടിയും ഫെസ്റ്റിലുണ്ട്.
ആദിവാസി ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഫെസ്റ്റിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി വനാന്തരകാഴ്ചകളും ഒരുക്കിയിട്ടുണ്ട്. ഏറുമാടം, കുടിലുകൾ എന്നിവ ആദിവാസി ഊരുകളിൽനിന്ന് എത്തിയിട്ടുള്ളവരാണ് നിർമിച്ചിരിക്കുന്നത്.
ചൂണ്ടയിട്ട് മീൻ പിടിക്കാം
കെട്ടുകാഴ്ചയ്ക്കായി എത്തുന്നവർക്കായി കരിമീൻ, തിലോപ്പി, കാളാഞ്ചി ഉൾപ്പെടെയുള്ള പുഴമത്സ്യങ്ങളുടെ വൻതോതിലുള്ള ശേഖരവും ഒരുക്കിയിട്ടുണ്ട്. മീനുകളെ ചൂണ്ടയിട്ട് പിടിച്ച് അവ തത്സമയം പാചകംചെയ്ത് കഴിക്കുന്നതിനുമുള്ള സൗകര്യവും ഫെസ്റ്റിന്റെ മറ്റൊരു ആകർഷണമാണ്. പരമ്പരാഗതരീതിയിൽ മത്സ്യബന്ധനം നടത്തുന്നത് കാണുന്നതിനുള്ള അവസരവും ഇവിടുണ്ട്.
കലയുടെ വിസ്‌മയം
പരമ്പരാഗത കലാരൂപങ്ങളായ കഥകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, മാർഗംകളി, വില്ലടിച്ചാംപാട്ട്, കൈകൊട്ടിക്കളി, നാടൻപാട്ട് , വള്ളംകളി, തീറ്റമത്സരം , വടക്കൻ മലബാറിൽ നിന്നുമെത്തുന്ന കലാകാരൻമാരുടെ തീച്ചാമുണ്ടി തെയ്യവും ഫെസ്റ്റിന് മാറ്റുകൂട്ടും.
കൊഴുപ്പിന് ഡിജെയും
ദിവസവും രാവിലെ പത്തുമണി മുതൽ രാത്രി പത്തുവരെയാണ്. എട്ട് ദിവസം നീണ്ട് നിൽക്കുന്ന ഫെസ്റ്റ്. 31ന് ഡി.ജെ നൈറ്റോടെ സമാപിക്കും.