highcourt
highcourt

കൊച്ചി :പരീക്ഷാ മൂല്യനിർണയത്തിലെ അപാകതയെത്തുടർന്ന് കണ്ണൂർ വാഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ജോമി ജോസിനെതിരെ സർവകലാശാല സിൻഡിക്കേറ്റ് സ്വീകരിച്ച ശിക്ഷാനടപടികളിൽ ഹൈക്കോടതി ഇടപെട്ടില്ല. സിൻഡിക്കേറ്റ് ചുമത്തിയ പിഴ അടച്ചില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം അടയ്ക്കാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.

കണ്ണൂർ സർവകലാശാലയിലെ 2015 ലെ ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് പരീക്ഷാ മൂല്യനിർണയത്തിന് അഡിഷണൽ എക്സാമിനറായി ജോമി ജോസിനെ നിയോഗിച്ചിരുന്നു. പുനർമൂല്യ നിർണയത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് കൂടുതൽ മാർക്ക് ലഭിച്ചതിനാൽ 2017 ഏപ്രിൽ 28 മുതൽ ഒരു വർഷത്തേക്ക് ഹർജിക്കാരനെ പരീക്ഷാ ഡ്യൂട്ടിയിൽനിന്ന് വിലക്കാനും പിഴചുമത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചു. സിൻഡിക്കേറ്റിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോമി വൈസ് ചാൻസലർക്ക് നൽകിയ നിവേദനത്തെത്തുടർന്ന് പിഴത്തുക കുറച്ചു.

ഉത്തരക്കടലാസുകൾ പരിശോധിച്ച ഹർജിക്കാരൻ തന്റെ മൂല്യനിർണയത്തിൽ പോരായ്മയില്ലെന്നും പുനർമൂല്യനിർണയത്തിൽ അധികമാർക്ക് നൽകിയതാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും സിൻഡിക്കേറ്റിനെ സമീപിച്ചു. പിഴത്തുക പത്തു ദിവസത്തിനകം അടയ്ക്കാനാണ് നിർദ്ദേശിച്ചത്. ഇതിനെതിരെ ഹർജിക്കാരൻ പലതലങ്ങളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹർജി നൽകിയത്. സർവകലാശാല നിശ്ചയിച്ച രീതിയിലല്ല ഹർജിക്കാരൻ മൂല്യനിർണയം നടത്തിയതെന്ന് കണ്ണൂർ സർവകലാശാല വ്യക്തമാക്കി. പുനർമൂല്യനിർണയത്തിൽ മാർക്കിൽ വലിയവ്യത്യാസം വന്നതിനെ തുടർന്ന് സർവകലാശാല ഒാർഡിനൻസ് പ്രകാരം സിൻഡിക്കേറ്റിനുള്ള അധികാരമുപയോഗിച്ചാണ് നടപടിയെന്നും വിശദീകരിച്ചു. തുടർന്നാണ് ഹർജി തള്ളിയത്. ഹർജിക്കാരനെ പരീക്ഷാച്ചുമതലയിൽ നിന്ന് വിലക്കിയ കാലാവധി കഴിഞ്ഞെന്നും സിംഗിൾബെഞ്ച് വിലയിരുത്തി.