നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിനെ പുതുവത്സര ദിനത്തിൽ സമ്പൂർണമാലിന്യ നിർമാർജ്ജന പഞ്ചായത്തായി പ്രഖ്യാപിക്കും. മൂന്നു മാസത്തിലേറെ നീണ്ട കഠിനശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബർ രണ്ടിനാണ് ഗ്രാമപഞ്ചായത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ പദ്ധതി പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ 11 വാർഡുകളിലും ഇതിനകം ശുചിത്വസർവേ, ശുചിതോത്സവം എന്നിവ നടത്തി. ബാക്കി നാലു വാർഡുകളിലേത് വരും ദിവസങ്ങളിൽ നടക്കും.ശുചിത്വ സർവേ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങൾ വീടുകളിൽ ഒരുക്കും.
ഹരിതകർമസേനാംഗങ്ങൾ വീടുകളിലെത്തി തരംതിരിച്ചുവെച്ചിട്ടുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കും
പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനുള്ള ബോധവത്കരണവും തുണിസഞ്ചി വിതരണവും
മലിനീകരിക്കപ്പെട്ട ജല സ്രോതസ്സുകളുടെ ശുദ്ധീകരണം
തരംതിരിച്ച അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻയൂണിറ്റുകളിലെത്തിക്കും. റോഡിലെയും പൊതുസ്ഥലങ്ങളിലെയും ജൈവ മാലിന്യങ്ങൾ ശേഖരിച്ച് നശിപ്പിക്കും
പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ കിണറുകളും പരിശോധിച്ച് ക്ലോറിനേഷൻ നടത്തും. ആയിരം പേരടങ്ങുന്ന സന്നദ്ധഭടൻമാർ നിശ്ചിത ഇടവേളകളിൽ റോഡിലെയും പൊതുസ്ഥലങ്ങളിലെയും ജൈവ മാലിന്യങ്ങൾ ശേഖരിച്ച് നശിപ്പിക്കും. അജൈവ മാലിന്യങ്ങളും ശേഖരിക്കും. അനധികൃതമായ മാലിന്യ നിക്ഷേപം തടയാൻ പഞ്ചായത്തിൽ വ്യാപകമായി പൊതുസ്ഥലങ്ങളിലും റോഡുകളിലും സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കും.
ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയോടൊപ്പം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ, കുന്നുകര എം.ഇ.എസ് കോളേജ്, അങ്കമാലി ഡിപോൾ കോളേജ്, മാഞ്ഞാലി എസ്.എൻ ജിസ്റ്റ്, പുത്തൻവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവിടങ്ങളിലെവിദ്യാർത്ഥികളും സന്നദ്ധപ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. പ്രോഗ്രാം കൺവീനർ ടി.കെ. അജികുമാർ, പഞ്ചായത്ത് അസി. സെക്രട്ടറി പി.എസ്. സുനിൽ എന്നിവരും പങ്കെടുത്തു.