കൊച്ചി : ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാൾക്കും മോദിയെ അംഗീകരിക്കാനാവില്ലെന്ന് സി.പി .ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് നടത്തിയ സേവ് കോൺസ്റ്റിറ്റ്യൂഷൻ മാർച്ചിന്റെ സമാപന സമ്മേളനം രാജേന്ദ്രമൈതാനിക്ക് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ മോദിയിൽ നിന്നും തിരിച്ചു നടക്കുന്നു എന്നതിന്റെ തെളിവാണ് രാജ്യത്തെ പ്രധാന കാമ്പസുകളിലെവിദ്യാർത്ഥി പ്രക്ഷോഭം.. എന്നിട്ടും പൊതുയോഗങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മോഡിയും കൂട്ടരും നടത്തുന്നത്. നിയമം പിൻവലിക്കാൻ തയ്യാറാകണമെന്ന് കാനം ആവശ്യപ്പെട്ടു. സി പി ഐ ജില്ലാ സെക്രട്ടറി പി രാജു അദ്ധ്യക്ഷനായി. പ്രൊഫ കെ അരവിന്ദാക്ഷൻ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എൻ സുഗതൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി സി സൻജിത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ അഷ്‌റഫ്, കമല സദാനന്ദൻ, എം ടി നിക്‌സൺ, ബാബു പോൾ , എസ് ശ്രീകുമാരി തുടങ്ങിയവർ പങ്കെടുത്തു.