കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ് ) ഈഴവ സമുദായത്തിന് സംവരണം ചെയ്ത പ്രൊഫസർ തസ്തികയിൽ നാല് വർഷമായിട്ടും നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നു.
ഫിസിക്സ് വകുപ്പിൽ ഈഴവ, തിയ്യ, ബില്ലവ സമുദായത്തിന് സംവരണം ചെയ്ത പ്രൊഫസർ തസ്തികയിൽ 2015 ലാണ് വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിച്ചത്. അഭിമുഖ പരീക്ഷയ്ക്ക് രണ്ടു പേരെ വിളിച്ചത് ഈ നവംബറിലും. ഹാജരായ ഒരേയൊരാൾ ഇൗഴവ സമുദായംഗമായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഡോ. രാജൻ ജോസായിരുന്നു. ഇദ്ദേഹത്തിന് നിയമനം നൽകാതെ ഒളിച്ചുകളിക്കുകയാണ് സർവകലാശാല. ഉദ്യോഗാർത്ഥി അയോഗ്യനാണെന്നാണ് അധികൃതർ രാജൻ ജോസിന് വാക്കാൽ നൽകിയ മറുപടി.
ഇതുമൂലം പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഒരു പ്രൊഫസർ തസ്തിക നാലു വർഷമായിട്ടും നകത്തിയിട്ടില്ല. യോഗ്യനായ ഉദ്യോഗാർത്ഥിയെ ലഭിച്ചില്ലെന്ന് വരുത്തി സംവരണ റോസ്റ്റർ അട്ടിമറിക്കാനാണ് നീക്കമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അപേക്ഷകരുടെ യോഗ്യതകളും പരിചയവും ഗവേഷണ നേട്ടങ്ങളുമുൾപ്പെടെ വിശദമായി പ്രത്യേക സമിതി പരിശോധിച്ച ശേഷമാണ് ഉദ്യോഗാർത്ഥിയെ അഭിമുഖത്തിന് വിളിക്കുക.
20 വർഷത്തെ പരിചയത്തിന് വിലയില്ല
മലേഷ്യയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി മലേഷ്യ പഹാംഗിൽ 20 വർഷം അദ്ധ്യാപകൻ, ഗവേഷകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പരിചയം രാജൻ ജോസിനുണ്ട്. ഡോക്ടറേറ്റ് ഇന്ത്യയിൽ നിന്നാണ്. സൗരോർജ്ജവുമായി ബന്ധപ്പെട്ട് ആഗോള പേറ്റന്റുകൾക്കും ഉടമയാണ്.
ചാൻസലറെ സമീപിക്കും
'അയോഗ്യനാകാൻ കാരണമെന്താണെന്ന് സർവകലാശാല രേഖാമൂലം അറിയിച്ചിട്ടില്ല. നിശ്ചിത യോഗ്യതകളെല്ലാമുണ്ട്. ക്രീമിലെയർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യപ്പെട്ട മുഴുവൻ രേഖകളും സമർപ്പിച്ചതുമാണ്. സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകും.
-ഡോ. രാജൻ ജോസ്
ഉദ്യോഗാർത്ഥി