ആലുവ: സ്ത്രീകളും, വിദ്യാർത്ഥികളുമുൾപ്പടെ നൂറുകണക്കിനാളുകൾ നിത്യേന സഞ്ചരിക്കുന്ന തുരുത്ത് റെയിൽവേ നടപ്പാലവും അപ്രോച്ച് റോഡും കൂരിരുട്ടിലായിട്ട് മാസങ്ങളായി.സന്ധ്യമയങ്ങിയാൽ ഇതു വഴി യാത്ര ദുഷ്കരം
ആലുവ ടൗൺ ഹാളിന് സമീപത്തുകൂടി വരുന്ന റോഡിലൂടെയാണ് ആളുകൾ നടപ്പാലത്തിലെത്തുന്നത്. ഇവിടെയുള്ള തെരുവുവിളക്കുകൾ തകരാറിലായിട്ട് മാസങ്ങളായെങ്കിലും നന്നാക്കാൻ മുനിസിപ്പൽ അധികൃതർ തയ്യാറായിട്ടില്ല. റെയിൽവേയുടെ ഇരുമ്പ് ഗർഡറുകൾ നടപ്പാലത്തിലേക്ക് കയറുന്ന റോഡിൽ 10 അടി പൊക്കത്തിൽ അട്ടിയിട്ടിരിക്കുകയാണ്. റോഡിലൂടെ ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാൻ മാത്രമേ വീതിയുള്ളു. ഇരുട്ടിൽ മൂടിയ ഈ പ്രദേശം പിടിച്ചുപറിക്കാരുടെയും, സാമൂഹ്യ വിരുദ്ധരുടെയും വിഹാരകേന്ദ്രമായി. വൈകിട്ട് ഈ വഴി ജോലി കഴിഞ്ഞു വരുന്ന സ്ത്രീകളെ കൊണ്ടുപോകാൻ വീട്ടിൽ നിന്നും ടോർച്ചുമായി കുടുംബാംഗങ്ങൾ എത്തേണ്ട സ്ഥിതിയാണ്
നടപ്പാലത്തിലേക്കുള്ള തെരുവ് വിളക്കുകൾ അടിയന്തിരമായി കത്തിക്കുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.
റെയിൽവേ നടപ്പാലത്തിന്റെ സ്ലാബുകൾ പലതും തകർന്നു
ഇരുമ്പ് ഗർഡറുകൾ നീക്കണം