കൊച്ചി: സൗമിനി ജെയിനിനെ കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള കോൺഗ്രസിന്റെ തന്ത്രങ്ങൾ പാളുന്നു. 31 വരെയാണ് രാജിവയ്ക്കാൻ ഉമ്മൻചാണ്ടി മേയർക്ക് സമയം അനുവദിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോഴും മൗനത്തിലാണ്. മേയർ മാറ്റത്തിന് മുന്നോടിയായി നാല് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെയും രാജി വയ്പ്പിക്കാനുള്ള നേതൃത്വത്തിന്റെ തന്ത്രം കൂടുതൽ പ്രതിസന്ധികളിലേക്ക് വഴി തുറന്നു.
കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഷൈനി മാത്യു ആദ്യം തന്നെ രാജിവച്ചു. പലതരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് ഒടുവിൽ മറ്റ് ചെയർമാൻമാരായ കെ.വി.പി. കൃഷ്ണകുമാറും എ.ബി. സാബുവും പിന്നാലെ സ്ഥാനം ഒഴിഞ്ഞു. പ്ളാൻ ഫണ്ടുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാനായി അദ്ധ്യക്ഷയായ ഗ്രേസി ജോസഫിന് കഴിഞ്ഞ 20 വരെ നേതൃത്വം സമയം അനുവദിച്ചു. എന്നാൽ നഗരാസൂത്രണ സ്ഥിരംസമിതി അംഗത്വ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പരാജയം സംഭവിച്ചതോടെ ഗ്രേസി ജോസഫിന്റെ മനസു മാറി. എന്തു വന്നാലും രാജി വയ്ക്കില്ലെന്നായി. 48 മണിക്കൂറിനകം രാജി വയ്ക്കണമെന്ന ഡി.സി.സിയുടെ അന്ത്യശാസനവും ഗ്രേസി ജോസഫ് തള്ളിയതോടെ നേതൃത്വം വെട്ടിലായി.
# ശക്തമായ നടപടിയെന്ന് കോൺഗ്രസ്
നേതൃത്വത്തെ വെല്ളുവിളിച്ച് അധികാരത്തിൽ തുടരുന്ന ഗ്രേസി ജോസഫിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ ആവശ്യം. മേയർ മാറ്റത്തിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന കെ. ബാബു പിന്നോട്ട് മാറിയിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്റിനോടോ, നേതാക്കളോടോ ആലോചിക്കാതെ ടാക്സ് അപ്പീൽ കമ്മിറ്റിയിൽ നിന്ന് ഡെലീന പിൻഹീറോ രാജിവച്ചതാണ് കെ. ബാബുവിനെ ചൊടിപ്പിച്ചത്.
സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹങ്ങൾ എ, ഐ ഗ്രൂപ്പു പോരുകൾ കടന്ന് വ്യക്തിതാത്‌പര്യത്തിലേക്ക് കടന്നു. കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വരെ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർക്ക് വേണ്ടി ശുപാർശ ചെയ്യുന്നിടം വരെ കാര്യങ്ങളെത്തിയെന്ന് നേതാക്കൾ പറയുന്നു.
ഗ്രേസിക്ക് പകരം മാലിനി ബിജു
ഗ്രേസി രാജി വയ്ക്കുന്ന ഒഴിവിലേയ്ക്ക് മാലിനി ബിജുവിനെയാണ് പരിഗണിക്കുന്നത്. മാലിനിക്ക് വേണ്ടി രംഗത്തെത്തിയ ഹൈബി ഈഡൻ എം.പി ഗ്രേസിയുടെ രാജി നീളുന്നതിൽ അസംതൃപ്തനാണ്. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സമ്മർദ്ദ തന്ത്രങ്ങൾ ഫലിച്ചില്ലെങ്കിൽ അവിശ്വാസത്തിലൂടെ ഗ്രേസിയെ വികസനകാര്യ സമിതിയിൽ നിന്ന് പുറത്താക്കാനാണ് ആലോചന. കെ.വി.തോമസിന്റെ പിന്തുണയാണ് നേതൃത്വത്തെ ധിക്കരിക്കാൻ ഗ്രേസി ജോസഫിന് ധൈര്യം നൽകുന്നതെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.
# രാജി വയ്ക്കില്ലെന്ന് ഗ്രേസി
രാജി വയ്ക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ഭരണം നഷ്ടപ്പെട്ടാലും വേണ്ടില്ല, ഞാൻ സ്ഥാനം ഒഴിഞ്ഞാൽ മതിയെന്നാണ് ചിലരുടെ നിലപാട്. അവിശ്വാസത്തെ നേരിടാമെന്ന ആത്മവിശ്വാസമുണ്ട്. നേതാക്കളുമായി ആലോചിച്ചശേഷം ഭാവി പരിപാടികൾ തീരുമാനിക്കും.
ഗ്രേസി ജോസഫ്