പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എൽദോസ് കുന്നപ്പിളളി എം.എൽ.എ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികളിൽ കൂടുതലും തിങ്ങിപ്പാർക്കുന്നത് പെരുമ്പാവൂർ മേഖലയിലാണ്. കഞ്ചാവ്, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി സംബന്ധമായ നിരവധി കേസുകളിൽ പൊലീസ്, എക്സൈസ് വകുപ്പുകൾ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും പെരുമ്പാവൂർ മേഖല ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എം.എൽ.എ യോഗം വിളിച്ചത്.
ജനജാഗ്രത സമിതികൾ പ്രവർത്തിച്ചാലും ഇതര സംസ്ഥാന തൊഴിലാളികൾ മൂലമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ലഹരി വസ്തുക്കൾ പിടിക്കപ്പെട്ടലും വളരെ കുറഞ്ഞ പിഴത്തുക അടച്ചു പ്രതികൾ കുറ്റവിമുക്തരാകും എന്നതാണ് പ്രധാന പ്രശ്‌നം. ഇത് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് കാരണമാകുമെന്നും യോഗം വിലയിരുത്തി.

വേണ്ടത്ര പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരില്ലെന്നത് പരിമിതിയാണെന്നും അത് മറികടക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.

ഡെപ്യൂട്ടി കളക്ടർ സന്ധ്യാ ദേവി, തഹസിൽദാർ വിനോദ് രാജ്, അഷ്‌റഫ് വാണിയാക്കടൻ, അജിൽ കുമാർ മനയത്ത്, എക്‌സൈസ് സി.ഐ സി.കെ സജികുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ശശി എൻ.പി, ബോസ് കെ.എൻ, പോൾ എൻ.വി, സി.ഇ.ഒ സുമേഷ് കുമാർ, മുനിസിപ്പൽ സൂപ്രണ്ട് എൽ. ജോൺസൺ, തൊഴിൽ വകുപ്പ് ക്ലർക്ക് വി.കെ രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് കേസുകൾ 200 ൽ അധികം

ഇൻഷ്വറൻസ് കാർഡ് ജനുവരി 31 നകം എടുക്കണം


പെരുമ്പാവൂർ മേഖലയിൽ ജോലിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇൻഷ്വറൻസ് കാർഡ് പരിരക്ഷയും അവർ ജനിച്ച നാട്ടിലെ പൊലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കും. അല്ലാത്തപക്ഷം ഇവർക്ക് ജോലി നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ യോഗത്തിൽ വ്യക്തമാക്കി. കുന്നത്തുനാട് താലൂക്കിൽ മാത്രം ഇതുവരെ 50,000 പേർക്ക് ഇൻഷ്വറൻസ് കാർഡ് നൽകിയിട്ടുണ്ട്. അല്ലാത്തവർ ജനുവരി 31 നകം എടുക്കണം.