കൊച്ചി: ടിപ്പർ ലോറികൾക്ക് സർക്കാർ ഏകപക്ഷീയമായി പുതിയ സമയക്രമം പ്രഖ്യാപിച്ചതിൽ കേരള ടിപ്പർ ലോറി ഓപ്പറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് പ്രതിഷേധിച്ചു. സ്കൂൾ സമയത്ത് ടിപ്പർ ലോറികൾ സർവീസ് നടത്തില്ലെന്ന് മുൻ ജില്ല കളക്‌ടർ ഷെയ്ക്ക് പരീതും ടിപ്പർ ലോറി ഓപ്പറേറ്റേഴ്സ് സംഘടനകളും തമ്മിൽ ധാരണയുണ്ടായിരുന്നു. എന്നാൽ സംഘടന പ്രതിനിധികളുമായി ആലോചിക്കാതെ സർക്കാർ പുതിയ സമയക്രമം പ്രഖ്യാപിച്ചതിൽ സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ പ്രതിഷേധിച്ചു. പുതിയ നയം നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കും. തൊഴിൽ നഷ്ടത്തിന് വഴിവയ്ക്കും. നിരോധിത സമയങ്ങളിൽ പ്രോജക്ട് വർക്ക് എന്ന ബോർഡ് വച്ച് വൻകിട ലോബികളെ യഥേഷ്‌ടം സഞ്ചരിക്കാൻ അനുവദിക്കുന്നത് വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.