കളമശേരി: കളമശേരി നഗരസഭ പത്താം വാർഡിൽ എച്ച്.എം.ടി കോളനി റോഡിലെ പൊട്ടിയ കുടിവെള്ള വിതരണ പൈപ്പ് നന്നാക്കാൻ കുഴിയെടുക്കുന്നതിനിടെ പ്രകൃതി വാതക വിതരണ പൈപ്പ് പൊട്ടി ഗ്യാസ് ചോർന്നു. അധികൃതരെത്തി ഉച്ചയോടെ ഗ്യാസ് ലെയ്നിലെ തകരാറ് പരിഹരിച്ചതോടെ ഭീതി ഒഴിവായി.

ചൊവ്വാഴ്ച്ച പുലർച്ചയാണ് വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച 200 എം.എം ആസ്ബറ്റോസ് പൈപ്പാണിത്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സംഭരണ ടാങ്കിൽ നിന്നും എച്ച്.എം.ടി കോളനി ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് ഈ പൈപ്പിലൂടെയാണ്.

പെപ്പ് പൊട്ടിയ ഭാഗത്ത് കട്ട വിരിച്ച റോഡിൽ അഞ്ച് മീറ്ററോളം വ്യാസത്തിൽ വലിയ കുഴിയുണ്ടായി. പൊട്ടിയ പൈപ്പ് നന്നാക്കാൻ ജെസിബി ഉപയോഗിച്ച് കുഴി വലുതാക്കുന്നതിനിടെയാണ് കരാറുകാരൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗാർഹിക വിതരണത്തിനുള്ള പ്രകൃതി വാതക ലെയ്ൻ പൊട്ടിച്ചത്.

കളമശേരിയിലെ വിവിധയിടങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകരുന്നത് പതിവായിരിക്കുകയാണ്. പുതുതായി ടാർ ചെയ്യുന്ന റോഡുകൾ പോലും ഇങ്ങനെ കുഴിയായി പോകാറുണ്ട്. സ്ഥിരമായി പൊട്ടുന്ന പഴയ പൈപ്പുകളെങ്കിലും മാറ്റിയിടണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി അധികൃതർക്ക് കടുത്ത നിസംഗതയാണ്.

നന്നാക്കിയതിൽ അപാകത

റോഡിൽ കുഴിയെടുക്കുന്നതിന് മുൻപ് ഗ്യാസ് വിതരണ കമ്പനിയെ അറിയിച്ചിരുന്നില്ല. വാതക ലെയ്നിന്റെ സ്കെച്ച് പരിശോധിച്ച് അപകട സാധ്യതയില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കുഴിയെടുക്കേണ്ടത്. മുൻപ് ഗ്യാസ് ലെയ്ൻ സ്ഥാപിക്കുന്നതിനിടെ ഈ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു. ഇതേ കരാറുകാരനാണ് അന്ന് തകരാറ് പരിഹരിച്ചത്. അന്ന് ശരിയായ രീതിയിൽ നന്നാക്കാത്തത് കൊണ്ടാണ് വീണ്ടും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയത്.