കൊച്ചി: തൊഴിലാളികൾക്ക് അർഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന കേന്ദ്ര ലേബർ കോഡുകൾ പിൻവലിക്കണമെന്ന് എച്ച്.എം.എസ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ലേബർ കോഡുകൾ നടപ്പാക്കുന്നത് തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും. സർക്കാരിന്റെ തൊഴിൽ ദ്രോഹനടപടികളോടുള്ള പ്രതിഷേധസൂചകമായി ജനുവരി എട്ടിന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എച്ച്.എം.എസ് മുൻ ദേശീയ അദ്ധ്യക്ഷൻ തമ്പാൻ തോമസ് ഉദ്‌ഘാടനം ചെയ്തു. അഡ്വ.ടോം തോമസ് അദ്ധ്യക്ഷനായി. സി.പി.ജോൺ, പി.എസ്.ആഷിക്, ടോമി മാത്യു, എം.കെ.പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.