അങ്കമാലി: നഗരസഭ ഭരണസമിതിയെ അപകീർത്തിപ്പെടുത്തുംവിധം സ്റ്റാഫ് കൗൺസിൽ നടത്തിയ ആരോപണങ്ങൾ അപലപനീയമാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.വൈ. എല്യാസ് പറഞ്ഞു. കൗൺസിലർമാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്നുവെന്നും കൗൺസിലർമാർ അഴിമതിക്കാരാണെന്നും മറ്റുമുള്ള ആരോപണങ്ങൾ സ്റ്റാഫ് കൗൺസിൽ ഉന്നയിച്ചിരുന്നു. ഭരണകക്ഷിയിലെ കൗൺസിലർമാർക്കെതിരെ ഇത്തരം ഒരു പരാതിയും നിലവിലില്ലെന്നും മുഴുവൻ കൗൺസിലർമാരെയും അടച്ചാക്ഷേപിച്ചുള്ള സമരരീതി അംഗീകരിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.