കോലഞ്ചേരി: പഠനം നിർത്തി കറങ്ങിനടക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പരീക്ഷ ജയിപ്പിക്കാൻ ഇനി ജില്ലാ റൂറൽ പൊലീസും. ജനമൈത്രി പൊലീസും എസ്.പി.സി യും വിദ്യാഭ്യാസവകുപ്പും ചേർന്ന് തയ്യാറാക്കിയ ഹോപ്പ് പദ്ധതിയുടെ ഭാഗമായാണിത്. കുട്ടികൾക്ക് തുടർവിദ്യാഭ്യാസം ഉറപ്പാക്കി പത്താം ക്ലാസ് വിജയികളാക്കുകയാണ് ലക്ഷ്യം
83 കുട്ടികളെ കണ്ടെത്തി കഴിഞ്ഞു. പത്താം ക്ലാസ് തോറ്റ് പഠനം ഉപേക്ഷിച്ചവരാണ് പലരും. 100 കുട്ടികളെ പഠിപ്പിക്കുമെന്ന് ഹോപ്പ് ചുമതല വഹിക്കുന്ന സബ് ഇൻസ്പെക്ടർ എൻ.പി ശശീന്ദ്രൻ പറഞ്ഞു.
മികച്ച പരിശീലനം നൽകി പത്താം ക്ലാസ് പരീക്ഷയെഴുതിക്കും. രക്ഷിതാക്കൾക്കും ക്ലാസ് നൽകും. പരിശീലനത്തിനുളള റിസോഴ്‌സ് പേഴ്‌സൻസ് പാനൽ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
ജീവിതനൈപുണ്യ പരിശീലനം, ഭാഷാ പരിജ്ഞാനം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയ്ക്കനുയോജ്യമായ പഠനരീതിയാണ് സൗജന്യമായി ഒരുക്കുക. പത്താംക്ലാസ് പരാജയപ്പെട്ട കൗമാരക്കാരാണ് കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് , കഞ്ചാവ് വ്യാപനത്തിലും മുഖ്യപങ്ക് വഹിക്കുന്നതെന്ന തിരിച്ചറിവിലാണ് പ്രതീക്ഷയും പ്രത്യാശയുമേകി പൊലീസ് പദ്ധതി ഏറ്റെടുക്കുന്നത്.
ജില്ലാ നാർക്കോട്ടിക് ടീമാണ് പദ്ധതിയുടെ മേൽനോട്ടം
8,9,10,11,12 ക്ലാസുകളിലെ കുട്ടികൾക്കും പത്താംക്ലാസിൽ പരാജയപ്പെട്ട കുട്ടികൾക്കും പ്രയോജനപ്പെടും
റൂറൽ പോലീസ്, ജില്ലാ ഭരണകേന്ദ്രം, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ ഒത്തുചേർന്ന് യൂണിസെഫിന്റേയും സംസ്ഥാന സർക്കാരിന്റേയും സഹായത്തോടെയാണ് ഹോപ്പ് (ഹെൽപിങ് അതേർസ് ടു പ്രമോട്ട് എഡ്യുക്കേഷൻ) പദ്ധതി നടപ്പാക്കുന്നത്.
കുട്ടികൾക്ക് പഠിക്കാനുള്ള അവസരം വീട്ടിലൊരുക്കുക, അവരിൽ മാനസികാരോഗ്യവും ആത്മവിശ്വാസവും വളർത്തുക, മാതാപിതാക്കൾ കുട്ടികളോട് ഇടപെടുന്ന രീതി നന്നാക്കുക, ദുശീലങ്ങൾ ഇല്ലാതാക്കാനുള്ള പോംവഴികൾ തുടങ്ങിയവ പൊലീസ് മാതാപിതാക്കളിലെത്തിക്കും.
പൊലീസ് കണ്ടെത്തിയ കുട്ടികൾക്ക് വിദ്യാഭ്യാസവകുപ്പിന്റെയും സന്നദ്ധസംഘടനകളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സഹായത്തോടെയാണ് തുടർവിദ്യാഭ്യാസം ഉറപ്പാക്കും