social-issu
മൂവാറ്റുപുഴ കെ.എം.എൽ.പിസ്‌കൂൾ അംഗൻവാടി വർക്കർ മിനി അൻസാരിക്കുള്ള സ്മാർട്ട് ഫോൺ എം.എ.സഹീർ കൈമാറുന്നു.

മൂവാറ്റുപുഴ: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരകുറവ് പരിഹരിക്കാനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ശിശുവികസന ഓഫീസിന് കീഴിലുള്ള മൂവാറ്റുപുഴ നഗരസഭയിലും , പായിപ്ര, വാളകം എന്നീ പഞ്ചായത്തുകളിലുമുള്ള അംഗൻവാടികളിലെ വർക്കർമാർക്ക് സ്മാർട്ട് ഫോണുകളുടെ വിതരണം ആരംഭിച്ചു.സ്മാർട്ട ഫോണുകളിൽ ഹോം കെയർ ഹെൽത്ത് എന്ന പേരിൽ ഐ.സി.ഡി.എ.സ് കോമൺ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ വഴി ഗുണഭോക്താക്കളെ സബന്ധിച്ച് എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷൻ വഴി വർക്കർ നൽകേണ്ടതാണ്. ഇതിനായി വർക്കർമാർക്ക് വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകി. സംസ്ഥാനത്ത് നിലവിൽ 33,115 അംഗൻവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പദ്ധതി പ്രാവർത്തികമാക്കുന്നത്. ഓരോ അംഗൻവാടികളിലും 11 രജിസ്റ്റർ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തി വരുന്നത്. അതുകൊണ്ട് തന്നെ ലക്ഷകണക്കിന് കുട്ടികളുടെ വിവരങ്ങൾ ഒരു തരത്തിലും ഏകോപിപ്പിക്കാൻ കഴിയുകയുമില്ല. ഇതിന് പരിഹാരം കാണുന്നതിനാണ് അംഗൻവാടി വർക്കർമാർക്ക് പ്രത്യേക പരിശീലനം നൽകി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് ഫോണുകൾ നൽകിയിരിക്കുന്നത്. ആധാർ പ്രകാരമുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്നെ എല്ലായിടത്തും ലഭ്യമാണ്. സമ്പുഷ്ട കേരളം പദ്ധതിക്കായി കുടുംബ ആരോഗ്യ വിവരങ്ങളാണ് ഇപ്പോൾ അംഗൻവാടി വർക്കർമാർ സ്മാർട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെ വിവര ശേഖരണം നടത്തുന്നത്. ഇതിലൂടെ കുട്ടികളിലെ വളർച്ച മുരടിപ്പും തൂക്കകുറവും പോഷകആഹാരക്കുറവും മനസിലാക്കാനും ഇത്തരം കുട്ടികൾക്ക് അടിയന്തിര ശ്രദ്ധയും പരിചരണവും നൽകുവാനും സാധിക്കും. ഇതുകൂടാതെ ജനങ്ങളുടെ പോഷകാഹാരക്കുറവ് മനസിലാക്കുന്നതിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. മൂവാറ്റുപുഴ നഗരസഭയിലെ നാലാം വാർഡിലെ കെ.എം.എൽ.പി.സ്‌കൂൾ അംഗൻവാടിയിലെ വർക്കർക്കുള്ള സ്മാർട്ട് ഫോണിന്റെ വിതരണോദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ നിർവഹിച്ചു. നരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.പി.നിഷ, പി.വൈ.നൂറുദ്ദീൻ, സി.ഡി.എസ് ചെയർപേഴ്‌സൺ നജ്‌ല ഷാജി,അംഗൻവാടി വർക്കർ മിനി അൻസാരി, ഹെൽപ്പർ കെ.എസ്.ഷാഹിന, ഇ.പി.എം.മുഹമ്മദ്കുട്ടി, രാജപ്പൻ എന്നിവർ സംസാരിച്ചു. നഗരസഭയിലേയും പഞ്ചായത്തുകളിലേയും എല്ലാ അംഗൻവാടികളിൽ വച്ചും സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നടക്കുമെന്ന് മൂവാറ്റുപുഴ ശിശുവികസന ഓഫീസർ സൗമ്യ.എം.ജോസഫ് പറഞ്ഞു.

#സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നത്

മൂവാറ്റുപുഴ നഗരസഭയിലെ 29 അംഗൻവാടി വർക്കർമാർക്ക്

പായിപ്ര പഞ്ചായത്തിലെ 38 അംഗൻവാടി വർക്കർമാർക്ക്

വാളകം പഞ്ചായത്തിലെ 18 അംഗൻവാടി വർക്കർമാർക്ക്